Tuesday 8 April 2014

ഒരുപക്ഷേ...

വേനല്‍ നാറിത്തുടങ്ങിയ
ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന്,
പരിഭവങ്ങളെയൊളിപ്പിച്ച mപ്രണയത്തോടെ
ആഴത്തിലെന്നെ
നീ നോക്കിയേക്കാം.

ഉച്ചത്തിലുള്ള
ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍,
ഞാന്‍ കേള്‍ക്കില്ലെന്നറിയാമായിരുന്നിട്ടും
ചുണ്ടുകളനക്കി, എന്‍റെ പേരുവിളിച്ച്
നീ വിതുമ്പിയേക്കാം.

നിയോണ്‍ വിളക്കുകള്‍
നിന്‍റെ കണ്ണുകളിലെ സമുദ്രങ്ങളില്‍
നക്ഷത്രങ്ങളാകുമ്പോള്‍,
ഒരുമിക്കാനാകാത്തയീ ജന്മത്തെ
നീ പഴിച്ചേക്കാം.

മറവിയുടെ
മാറാലയ്ക്കപ്പുറത്തൊളിപ്പിച്ചുവച്ച
പ്രണയനിശ്വാസങ്ങളെയൊരു
നെടുവീര്‍പ്പിലേക്ക്
നീ ഒതുക്കിയേക്കാം.

അരികില്‍,
അമ്മയുടെ കൈകളിലിരിക്കുന്ന
മകന്‍റെ കരച്ചിലിനെ ഒക്കത്തേക്കുവാങ്ങി
നീയെന്ന മറന്നേക്കാം.

ഏതൊക്കെയോ തിരിച്ചറിവുകളില്‍,
കണ്ണുകളിറുക്കിയടച്ച്‌
ഞാന്‍ നിന്‍റേതല്ലെന്ന് മനസിലുറക്കെപ്പറഞ്ഞ്
നീ നടന്നുപോയേക്കാം.

Friday 4 April 2014

കറുത്ത മനുഷ്യനും കറുത്ത ലോകവും

കത്തിജ്വലിക്കുന്ന സൂര്യന്‍
വലിയൊരു കരിക്കട്ടയായി
ഭൂമിയിലേക്ക്‌ മരിച്ചുവീഴുമ്പോള്‍
അന്നിതൊരു കറുത്ത ലോകമാകുകയും
'ഇന്നിന്‍റെ ലോകത്തിന്
ഉചിതമായ നിറംകിട്ടി'യെന്ന്
ദൈവം ഉച്ചത്തിലുച്ചത്തില്‍പ്പറയുകയും
പൊട്ടിപ്പൊട്ടിച്ചിരിക്കുകയും
ചെയ്തു.