Monday 24 November 2014

വിശപ്പാറിയതിന്റെ കണ്ണീര്‍

വടുക്കോറത്തെ തിണ്ണയില്‍
കരികൂട്ടി ചാണകം മെഴുകാനായെന്ന്
കാളി പറഞ്ഞത്,
അച്ഛമ്മയുടെ മടിശ്ശീലയിലെ
തുട്ട് കണ്ടാണെന്ന കാര്യം
അമ്മിയിലെ വറുത്ത മുളകിനൊപ്പം
അമ്മ നീട്ടിയരച്ചു.
അല്ലമ്പ്രാട്ടീ, കാവിലെ വേല ഇക്കുറിയാദ്യാ,
ഏന്റെ കുട്ട്യോള്‍ക്കീ വേലക്കെങ്കിലും
കഞ്ഞിപാറ്റിയത്;
കാളിയുടെ വാക്കുകളില്‍
തലേന്നത്തെ മത്തിയുടെ മുള്ള് തടഞ്ഞു.

വേലയ്ക്ക് ഇക്കുറിയെങ്കിലും
ആറുനാഴികൊള്ളണ ചെമ്പ് വാങ്ങണം,
പാടത്തുനിന്ന് കേറിവന്ന
അച്ഛന്റെ ചെവിയില്‍
തലയിണയില്ലാതമ്മ മന്ത്രം.
ചെമ്പില താളിച്ചതില്‍
ഉപ്പുപോരാ, മുളകുകൂടിയെന്നച്ഛനൊരാട്ട്...
പുളിങ്ങ കൂട്ടിയ മുളകുചമ്മന്തി
അമ്മയുടെ കണ്ണുനിറച്ചു.

കൊയ്ത കറ്റയുടെ നെല്ലിനെച്ചൊല്ലി
അച്ഛനും ചെറിയച്ഛനും വാ തല്ലി.
അടുക്കളയിലെ വേവാത്ത പരിപ്പിന്
പുകയൂതുന്ന അമ്മ.
കരിപിടിച്ച അടുക്കള പിന്നേയും തേങ്ങി.
എച്ചില്‍പ്പാത്രങ്ങള്‍
കൊട്ടത്തളത്തില്‍ കലമ്പിയില്ല.

കളപ്പുരയില്‍
നെല്ലിനുമീതെ അച്ഛനുറങ്ങി.
വേവാത്ത പരിപ്പുകറി
വിശക്കുന്ന വയറിനെ കാക്കുമ്പോള്‍,
വയറുകളുരുമ്മുന്നുണ്ടെവിടെയോ,
വിശപ്പറിയാതെ.
വെണ്ണീറ് കൂട്ടി തേച്ച് തേച്ച്
തേഞ്ഞുപോയ പിഞ്ഞാണങ്ങള്‍ക്ക്
വല്ലാതെ വിശന്നു; വിശപ്പറിയാതെയമ്മ
മുലഞെട്ടുകള്‍ അനിയന്റെ
വിശക്കുന്ന ചുണ്ടുകളില്‍
തിരുകിക്കൊടുത്തു.

കണ്ണീരുകള്‍ ഒരിക്കലും
വിശപ്പിനെക്കുറിച്ച് സംസാരിക്കുന്നില്ല,
വിശക്കുന്ന കണ്ണുകളിലെ കണ്ണീര്‍ത്തുള്ളികള്‍ക്ക്
വിശപ്പാറിയതുകൊണ്ടാകാം..!!