Friday 10 November 2017

ഒറ്റപ്പെടുകയെന്നത്;

ഒറ്റപ്പെടുകയെന്നത്;
ജീവിതത്തിലെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ
ദീര്‍ഘ വിശാലതയാണെന്ന്
ഉറപ്പിക്കാന്‍ ഇപ്പൊ കഴിയുന്നുണ്ട് !!

Monday 23 October 2017

വിവേചനം (ഇന്നിലേക്ക് ചിന്ത്യപ്പെടുത്തുന്നത്)

സ്ത്രീപുരുഷന്‍,
വിവേചനങ്ങളില്‍ ആദ്യത്തേതെങ്കില്‍
ജാതിമതം,
രണ്ടാമത്തേതും മൂന്നാമത്തേതുമാണ്.

പെണ്ണെഴുത്ത് ആണെഴുത്ത്,
സൈബര്‍ വിവേചനം.

തെറിച്ച മുലകളിലും
കാലുകള്‍ക്കിടയിലെ തുരങ്കത്തിലും
ഉണങ്ങിപ്പിടിച്ച കവിത;
ഇന്നലെയത് ലിംഗവിശപ്പായിരുന്നു !!

ജാതി ഭ്രഷ്ട് മീശയ്ക്കു പോലുമുണ്ട്,
ചോരചിന്തി ചത്തത്
നിന്റെ സോദരനാണ് സുഹൃത്തേ...
(നീകണ്ട രക്തമൊക്കെ അവളുടെ തുരങ്കത്തിലേത്)

വിശപ്പിന്റെ മരണമെനിക്ക്
കൂട്ടിക്കൂട്ടി തെറ്റിയ കണക്കാണ്.

അവളുടെ തുരങ്കത്തിലേക്ക് മാത്രം
തുലയ്ക്കപ്പെടുന്നുണ്ട് നിന്റെ കാഴ്ച്ചകള്‍..!!

ഞാന്‍... നീ... അല്ലെങ്കില്‍ നമ്മള്‍,
അന്യപ്പെടുന്നുണ്ടൊരുപാട്
സമത്വത്തിന്റെ വിവേചനത്തിലേക്ക് !!

Wednesday 11 October 2017

തെരിയപ്പെടുത്തേണ്ടുന്നതല്ലാത്ത ഞാന്‍...

അന്വേഷിക്കപ്പെടാതിരിക്കുക !!

മരണപ്പെട്ടെന്ന
സ്വയപ്രഖ്യാപനത്തിലൂടെ ഞാന്‍
കണ്ണുകളില്‍ നിന്നും
ചെവികളില്‍ നിന്നും
മൂക്കുകളില്‍ നിന്നും ഓടിയൊളിക്കുന്നു.

(ആ ചുവന്ന പൂവിനെ തൊണ്ടിമുതലാക്കാതിരിക്കുക)

ഉണ്ടാകില്ലെന്ന് നീ !!
ഉണ്ടാകരുതെന്ന് ഞാന്‍ !!

Thursday 21 September 2017

ഞാനിപ്പോള്‍...

നീ
ചുംബിച്ചുപൊള്ളിച്ചതിനുമപ്പുറം,
മരണപ്പെട്ടതുപോലെ
തണുത്തുറയുന്ന ഞാന്‍ !!

Friday 28 July 2017

ഭ്രാന്തുകള്‍ പൂക്കുന്ന ഉപ്പുമരങ്ങള്‍.......

പ്രണയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍
> മാരകമായ നിന്റെ നോട്ടം
> ആകാശവിസ്തൃതിയുള്ള പ്രണയം
> കിതപ്പാറാത്ത രാത്രി
> അതിശൈത്യമുള്ള നിന്റെ ഒച്ചയനക്കങ്ങള്‍;

അല്ല... ഒരു നനഞ്ഞ ചുംബനം !!

Sunday 9 July 2017

ഭ്രാന്തുപിടിച്ച മഴ

ഓര്‍മ്മകളുടെ കാട്ടുപച്ചയില്‍ ഭ്രാന്തുപിടിച്ച മഴയാണ്.
വേവാത്ത വിറക് !
കത്താത്ത ചോറ് !!
വിശപ്പിന്റെ സ്വപ്നത്തിലെ
വലിയ ദ്വാരത്തിലൂടെ തലനീട്ടിയ ദാരിദ്ര്യം.
ഹോ..!! കല്ലുവച്ച നുണയെന്ന് നീ വിളിച്ചുപറഞ്ഞേക്കാം,
പച്ചയായ സത്യത്തെയാരോ
കഴുകിയലക്കി വെളുപ്പിച്ചിരിയ്ക്കുകയാണ്.
അല്ലെങ്കില്‍,
പകലുകളില്‍ ഒളിച്ചിരിക്കുകയും
രാത്രിയില്‍ വെളുത്തയുടുപ്പിട്ട്
യക്ഷിയെ അനുകരിക്കുകയുമാണ്.

ഹഹഹ... ഭ്രാന്തെന്ന് ഉറക്കെയുറക്കെച്ചിരിച്ച്
നീ നടന്നുപോയി.

ശരിയാണ് സുഹൃത്തേ,
ഈ ഭ്രാന്തെങ്കിലും ഇല്ലായിരുന്നെങ്കില്‍
നിങ്ങളുടെ
ശരി
നന്മ
സത്യം
അതെല്ലാമെന്നെ
ജീവനോടെ തിന്നുകളഞ്ഞേനെ.
അതുമല്ലെങ്കില്‍,
അതൊക്കെയും നിറഞ്ഞ വായുവില്‍
ഒക്‌സിജന്‍ വേര്‍ത്തിരിച്ചറിയാതെ മറ്റെന്തോ ശ്വസിച്ച്
ഞാന്‍ ചത്തുപോയേനെ !! :/ :/ ...

Sunday 2 July 2017

രണ്ടു പേര്‍

മനസ്സിന്റെ അകത്തളത്തിലെ
അധികം നീളമില്ലാത്ത ആ ചവിട്ടുപടിയില്‍
പ്രണയതീവ്രരാകുന്ന രണ്ടു പേര്‍,
നീയില്ലായ്മയും നിശബ്ദതയും !!

Friday 9 June 2017

പുരാതനമായ ഓര്‍മ്മകളുടെ തീക്കാടുകളില്‍

മൂന്നക്ഷരങ്ങളുടെ മറയ്ക്കപ്പുറത്ത്
ഭ്രാന്തനായ ഇന്നലേകളില്‍ വെന്തുമരിച്ച,
ചില ഓര്‍മ്മകള്‍ മാത്രമായിരുന്നു
ഞാനെഴുതിയ കവിത !!

Sunday 4 June 2017

ആത്മഹത്യ അവിടെയാണ് !!

സന്തോഷത്തിന്റെ
കോണ്‍ക്ലേവ് ഒച്ചപ്പെടുത്തലുകള്‍ക്കിടയിലെ
മഴപ്പച്ചയുടുത്ത ആ ഒറ്റത്തുരുത്തില്‍,
നീയും ഞാനും ആത്മഹത്യ ചെയ്യപ്പെടുന്നത്
കണ്ണില്‍നിന്ന് വെന്തൊലിച്ച
ആ ഉപ്പുവെള്ളത്തിലാണ് !!

Saturday 29 April 2017

നീ.. ഞാനില്ലായ്മ !!

നിന്റെ താഴ്‌വാരങ്ങളില്‍
മറന്നുവയ്ക്കുന്നുണ്ട് ഞാനെന്നെ !!
നിന്റെ ചുണ്ടുകളില്‍
മൗനത്തിന്റെ നുണഛായ...

ഒരു വല്യേ ഉമ്മ...

നീയൊരു ചുവന്ന ചെമ്പരത്തിപ്പൂ !!

Tuesday 28 March 2017

മുഖക്കുരുക്കവിത

നിന്റെ മുഖക്കുരുവില്‍
ഒച്ചപ്പെടുന്നുണ്ട്
ചിരിക്കാന്‍ മിനക്കെടുന്ന/മടിക്കുന്ന
ഒരു കവിത !!

Monday 13 February 2017

ഗോത്രത്തിലേറ്റോം താഴ്ന്ന കവിത

കുന്നിന്‍ മുകളിലെ ശിഖരങ്ങള്‍
മാനം തൊടുന്ന വെയിലച്ചാരങ്ങള്‍ !!
കവച്ചുവച്ചുകൊണ്ട്
ഏന്തിവലിഞ്ഞു കയറുന്ന
ഗോത്രത്തിലേറ്റം താഴ്ന്ന കവിത...

കറുത്ത അക്ഷരങ്ങള്‍,
തീണ്ടായ്മ...

വരിതെറ്റിയ കവിതകളെക്കൊണ്ട്
ഞാവല്‍പ്പഴങ്ങള്‍ തിന്നുകൊണ്ടുനടക്കുന്ന
ഞാന്‍ !!

കവിതയില്‍ നീയില്ല,
നിന്റെ മുടിയിഴകള്‍ തീണ്ടുന്നുണ്ട്.
തുടകളിലാകെ
മഞ്ചാടികള്‍ ചുവന്നൊലിച്ച പാടുകള്‍...

ഗര്‍ഭപാത്രത്തില്‍ തീയാളുന്നുണ്ടൊരു കവിത,
ആത്മഹത്യ ചെയ്യപ്പെടുന്ന
മനുഷ്യനെക്കുറിച്ച്,
അല്ല, കൊല്ലുന്നതാണ്.
മരിയ്ക്കാന്‍ പറയുന്നതാണത്രേ...

അക്ഷരം പഠിക്കുന്ന കുട്ട്യോള്‍ക്ക്
കൊടി കൊടുത്തത് സ്വാതന്ത്ര്യം പറഞ്ഞോണ്ടാണെന്ന്...
രക്ഷയാണെന്ന് !!
ന്നിട്ട് ചത്തോന്നൊരു പറച്ചില്‍...

ചത്തോരൊക്കെ
കവിത എഴുതീര്ന്നൂത്രേ..!! ആവോ...

വേനലില്‍ അപ്പൂപ്പന്‍താടികള്‍
കൊറെ പറക്കുണുണ്ട് കുന്നുമ്മേല്‍,
ഒക്കെ കവിതകളാണ്...
മരിച്ച കുട്ട്യോള്‍ടെ !!

തിരിച്ചറിവ്:
ഇതിന്റൊക്കെ മുന്നില്‍ മ്മടെ കവിത്യൊക്കെ ഗോത്രത്തിലേറ്റം താഴ്ന്നതാ.....

Sunday 1 January 2017

ഹാപ്പി ന്യൂയര്‍..!!

ഇന്നലെകളിലേക്ക് ഒളിച്ചുപോകാവുന്ന ഒരിന്ന്...

പുതിയ ദിവസം... അല്ലെങ്കില്‍ പുതിയ വര്‍ഷം എന്നൊന്നും വ്യാഖ്യാനിക്കപ്പെടേണ്ടുന്നതല്ലാത്ത തികച്ചും സാധാരണമായ ഒരു ദിവസം...

തീര്‍ത്തും അപ്രസക്തമായ... മോറിക്കമിഴ്ത്തിയതായിട്ടും ചീരയിലയുണങ്ങിപ്പിടിച്ച പാത്രം പോലെ, ഇന്നലെയുണങ്ങിപ്പിടിച്ച ഒരിന്ന്, അഥവാ ഹാപ്പി ന്യൂയര്‍..!!