Sunday 19 April 2015

അഞ്ച് സീനില്‍ ഒരൊറ്റ സ്വപ്നം

ഓര്‍മ്മകളെ തട്ടിക്കുടഞ്ഞുവിരിച്ചൊരുറക്കം,
ഉറക്കത്തിന്റെ അതിരില്‍ ചിറകുകുടഞ്ഞ സ്വപ്നം
മരിയ്ക്കുമോയെന്ന പേടിയോടെ
കണ്ണുകളിറുക്കിയടയ്ക്കുന്നു.

1.
അവളൊരു മാലാഖയാണ്;
അവളുടെ ചുണ്ടുകളുടെ വശത്തെ
കാക്കപ്പുള്ളിയില്‍ ചുംബിക്കുന്ന ചുണ്ടുകള്‍
നീല നിറമുള്ളതാകുന്നു,
വിഷച്ചുവയെന്ന് നീട്ടിത്തുപ്പുന്നു.
അവളുടെ കണ്ണുകളിലെ വേനലിലൂടെയൊരു മഴ
ഒറ്റയ്ക്ക് നടന്നുപോകുന്നു.

2.
പ്രണയം, നഗ്നമായ തുടകള്‍ ചേര്‍ന്നുരഞ്ഞ്
ആത്മഹത്യ ചെയ്ത രാത്രിയില്‍
ചോദ്യങ്ങളോട് കലഹിച്ച ഉത്തരങ്ങള്‍
നുണപ്പൂക്കളായി വിരിഞ്ഞുനില്‍ക്കുന്ന വഴികളിലൂടെ,
വാക്കുകള്‍ പൂക്കുന്ന കാടുകളിലേയ്ക്കവള്‍
തനിച്ചൊരു യാത്ര പോകുന്നു.

3.
ദൈവത്തിന്റേയും ചെകുത്താന്റേയും
ലോകങ്ങള്‍ക്കിടയില്‍വച്ച് അവള്‍ക്ക് വല്ലാതെ വിശന്നു;
ദൈവത്തിന്റെ ലോകത്തെ
അവസാനത്തെ അത്താഴമായവള്‍
'ഇലാമാപഴം' കഴിയ്ക്കുന്നു, അന്ധയാകുന്നു.
വിശുദ്ധ പാപങ്ങള്‍ പിന്നേയും ആവര്‍ത്തിക്കപ്പെടുന്നു.

4.
ചെകുത്താന്റെ ലോകത്തേക്ക് പ്രവേശിക്കുന്ന അവള്‍,
കുന്നിന്‍മുകളിലെ കുരിശ്ശില്ലാത്ത പള്ളിയിലെ
ചെകുത്താനായ വൈദികനോട് കുമ്പസരിയ്ക്കുന്നു;
ചെകുത്താന്‍ അവളുടെ ചുണ്ടുകളില്‍
അമര്‍ത്തി ചുംബിക്കുകയും
അവള്‍ക്ക് കാഴ്ച തിരികെ നല്‍കുകയും
അവളെ വിശുദ്ധയാക്കുകയും ചെയ്യുന്നു.

5.
പള്ളിക്കുന്നിന് താഴെ, നിറയെ പക്ഷികളിരിയ്ക്കുന്ന
ഒലീവ് മരങ്ങള്‍ക്കിടയിലൂടെയുള്ള നടത്തത്തില്‍,
പാപങ്ങള്‍ വിശുദ്ധമാക്കപ്പെടുന്ന പുഴയില്‍
സ്നാനപ്പെടുന്ന ദൈവങ്ങളെ നോക്കിയവള്‍ ചിറികോട്ടുന്നു !!
തീര്‍ത്തും പുച്ഛത്തോടെ !!