Friday 8 April 2016

അവസാനത്തെ മഷിയിലെഴുതിയത്

ഉറക്കമില്ലായ്മയുടെ ഗൂഢലിപികളില്‍
ഞാനെഴുതി വയ്ക്കുന്നത്:

നിന്നോട്:

'നീ കരച്ചിലുകളില്‍ മാത്രം ജീവിക്കുന്നവളാണ്,
എന്നെ കാണുന്നതിന്
നിന്റെ കണ്ണീരിനെ തുടച്ചുകളയുക.'

വിറങ്ങലിച്ച രാത്രിയോട്:

'നിന്റെ മതിലുകള്‍,
നാളെയാരേയും ഓര്‍മ്മപ്പെടുത്തരുത്;
അവസാനത്തെ മഷിയിലെഴുതിയ
അടയാളപ്പെടുത്തലായിരുന്നിതെന്ന്...'

ഞാന്‍ ജീവിച്ചിരുന്നെന്ന് പറയപ്പെടുന്ന രാജ്യത്തെക്കുറിച്ച്...


ഞാന്‍
ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രാജ്യത്തെക്കുറിച്ച്
ചിലതെഴുതിവയ്ക്കുന്നുണ്ടിവിടെ.

ഒറ്റ ദിവസംകൊണ്ട്, അല്ല...
ഒറ്റരാത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ വിധിക്കപ്പെട്ട
രാജ്യത്തിന്റെ പേരുപരമാര്‍ശിക്കുന്നതെന്തിന്?
അതിന്റെയാവശ്യമില്ല.

രാജ്യമൊരു കഴുതയാണ് ഭരിക്കുന്നതെന്ന്
ചിലരുറക്കെപ്പറയുന്നുണ്ട്, ചിലര്‍ പതുക്കെയും.
രാജാവിന്റെ ചന്തിയിലാരോ
ചക്കമൊളഞ്ഞ് തേച്ചിട്ടുണ്ടെന്നും...
(എല്ലാവര്‍ക്കുമറിയുന്നതല്ലേ?)

പകല്‍വെളിച്ചം ചുമക്കുന്ന മാലാഖ,
മലര്‍ന്ന്...
ചിലപ്പോഴൊക്കെ കമിഴ്ന്ന്...
ങ്ആ... എങ്ങനെയെന്ന ചോദ്യം മായ്ച്ചുകളയുന്നു !!
അല്ലെങ്കില്‍ത്തന്നെയത് പറയുന്നതെന്തിന് ??

മദ്യപിക്കാത്ത പുരുഷന്‍...
സ്ത്രീക്ക് നിഷേധിക്കപ്പെട്ട കോവില്‍...
സൂര്യവെളിച്ചത്തിന്റെ വില...
മകളെ കാമിക്കുന്ന അച്ഛന്‍...
ഞാന്‍ ഇതൊന്നിനെയും ശ്രദ്ധിക്കാതെ
ടീവിയിലെ ഡയറി മില്‍ക്കിന്റെ പരസ്യം കാണുന്നു.

രാജാവിനെ മൊട്ടയടിപ്പിച്ച് പുള്ളികുത്തി
കഴുതപ്പുറത്തേറ്റണമെന്ന് ചിലര്‍,
കഴുത കഴുതപ്പുറത്തോ?
അല്ലെങ്കില്‍ത്തന്നെ
രാജാവിനെ മൊട്ടയടിപ്പിയ്ക്കാന്‍ കഴിയുമോ?

രാജാവിനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിയ്ക്കുന്നതായി
ഞാന്‍ സ്വപ്നം കാണുന്നു.
രാജാവ് നഗ്‌നനാണെന്നുപറഞ്ഞ കുട്ടിയോട്
അയാള്‍ കണ്ണിറുക്കിക്കാണിക്കുന്നു.

രാജ്യമൊന്നാകെ കുരിശ്ശിലേറ്റപ്പെടുമെന്ന്
ആരോ ഉറക്കെപ്പറയുന്നു.
തെരുവുകളില്‍
മനുഷ്യന്റേയും മൃഗങ്ങളുടേയും
മാംസത്തിന് വില നിശ്ചയിക്കപ്പെടാതെയാകുന്നു.
വിശപ്പിനെ വില്‍ക്കുന്നയാളതിന്റെ
വില വര്‍ദ്ധിപ്പിക്കുന്നു,
ദാഹം ഭ്രാന്തുപിടിച്ച പകലാണത്രേ !!

ഞാന്‍ വിണ്ടുമൊരു സ്വപ്നം കാണുന്നു.

തെരുവിലൂടെ നടന്നുപോകുന്ന മുടന്തനായ ദൈവം !!
വെന്തുണങ്ങിയ സൂര്യന്‍
ഭൂമിയിലേക്ക് അടര്‍ന്നുവീഴുകയും
കറുത്ത കുറെ കഷണങ്ങളായി ചിതറിത്തെറിക്കുകയുമുണ്ടായി.
അന്ധയായൊരു പെണ്‍കുട്ടി
അതിലൊന്ന് പെറുക്കിയെടുക്കുകയും,
വെളുത്ത ചുമരില്‍
ആത്മഹത്യ ചെയ്യപ്പെടേണ്ടുന്നതല്ലാത്തൊരു
രാജ്യത്തെ വരച്ചുതുടങ്ങുകയും
ചെയ്തു.

അക്ഷരാര്‍ത്ഥത്തില്‍ പ്രണയം

'പ്ര'യെന്ന പ്രേമംകൊണ്ട് കാണിയ്ക്കപ്പെടുന്നൊരു
'നയ'മാണ് പ്രണയമെന്ന്
ആരോ പറഞ്ഞതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നു;
അതുകൊണ്ടുതന്നെ നിന്നെക്കുറിച്ചും.

നിന്റെ കണ്ണിലൊളിപ്പിച്ച
മഴവില്ലൊടിച്ചത് തിളയ്ക്കുന്ന പകലിലായിരുന്നു;
എന്നിട്ടും, പകലുവറ്റിച്ചു പെയ്തു നമ്മള്‍.

ആരാണ് കൂടുതല്‍ സ്‌നേഹിച്ചത്?

ഞാനോ? നീയോ?
അല്ല, നമ്മള്‍ തന്നെ !!

മഴയുടെയറ്റത്തുവച്ച് ഞാന്‍
നിന്നെ ചുംബിച്ചതിനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍
അസൂയയോടെ നോക്കിയ കാറ്റിന്
നീ കയ്‌പ്പേറെയുള്ളൊരു മരുന്ന് കുറിച്ചുകൊടുത്തത്
ഓര്‍ക്കാതിരിയ്ക്കുന്നതെങ്ങനെ??

ഒപ്പുവച്ചുറപ്പിച്ചിട്ടും അമ്പലത്തില്‍വച്ച്
താലികെട്ടണമെന്ന് നിനക്കായിരുന്നു നിര്‍ബന്ധം.
മക്കള്‍ രണ്ടുപേര്‍ വേണമെന്നതും
നിന്റെ വാശിയായിരുന്നു.

വാക്കുകളുടെ വിള്ളലുകളില്‍
നീ മുഖമമര്‍ത്തിക്കരയുന്നത് ഞാന്‍ കണ്ടിട്ടില്ല.
അതുകൊണ്ടുതന്നെ നമ്മളൊരുമിച്ചുള്ള ജീവിതത്തില്‍
നീ തൃപ്തയായിരുന്നെന്ന് കരുതിയിരുന്നു ഞാന്‍.

എന്നിട്ടും...
ഉണങ്ങിയ രാത്രിയിലേയ്ക്ക് വേരുകള്‍ നീട്ടിയ മഴയ്‌ക്കൊപ്പം
നീയില്ലാതായതെവിടെയാണ്?
മക്കളുടെ ചിരിയൊച്ചകള്‍ക്ക്
കരച്ചിലിനെ കാണിച്ചുകൊടുത്തതെന്തിനായിരുന്നു?

മഴയുണരുമ്പോഴൊക്കെയും
വഴിയില്‍ കണ്ണുനട്ടുവയ്ക്കുന്ന മക്കള്‍,
രാത്രികളില്‍ ഉറങ്ങാതെ
അമ്മയെന്നുപറഞ്ഞ് പെയ്യുമ്പോള്‍
മഴയൊച്ചകളില്‍ ചിരിയ്ക്കുന്ന മുഖങ്ങളെക്കുറിച്ച്
ഒരു കഥ പറയുകയാണ് പതിവ്.
അന്നൊക്കെയും
നീ മഴയുടുത്ത് പടിക്കെട്ടുകള്‍ കയറിവരുന്നൊരു
സ്വപ്നവും കാണാറുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കില്‍ പ്രണയമെന്നത്,
സ്വന്തമാക്കിയതിനപ്പുറം
നഷ്ടപ്പെടുമ്പോഴുള്ള, ആഴമുള്ള
വേദനയാണെന്ന് പറഞ്ഞുവയ്‌ക്കേണ്ടതുണ്ട്.

സ്വപ്‌നത്തിന്റെ നീളം

തനിച്ചാകുമ്പോള്‍
തിളയ്ക്കുന്ന പകല്‍ചിന്തകളില്‍നിന്നിറങ്ങി
മൗനത്തിലേക്ക് ദേശാടനത്തിലാവുക.
മുഴുവന്‍ പൂവുകളും കൊഴിഞ്ഞുവീണൊരു
ചെടിയായി നീയന്ന് നിന്നില്ലേ,
അതുപോലെ,
വരികള്‍ തല്ലിത്തെറിച്ചൊരു കവിതയാവുക !!

അക്ഷരങ്ങള്‍
കീറച്ചാക്കുകളില്‍ ഒളിക്കുന്നുണ്ടെന്ന്
ചുമരുതാങ്ങുന്ന പല്ലികള്‍ പറഞ്ഞേക്കാം.
അല്ലെങ്കില്‍ത്തന്നെയെന്ത് കവിത?
ആരുടെ കവിത??

സ്വപ്നത്തില്‍ മരിച്ചവര്‍
കുന്നുകളും മലകളുമായ നിഗൂഢതയെക്കുറിച്ച്,
പല നിറത്തിലായി ചിതറിക്കിടക്കുന്ന
കുറെ അക്ഷരപ്പൊട്ടുകള്‍
അത്രമാത്രം !!

വെയിലുണങ്ങുന്ന പകല്‍,
മാമ്പൂക്കാറ്റ്,
കാച്ചെണ്ണയുടെ മണം,
തുളസിയിലയില്‍ പറ്റിപ്പിടിച്ച ചന്ദനം,
നിലാവുടുത്ത നീ,
നിന്റെ കൊഞ്ചിക്കുഴഞ്ഞ ചോദ്യം

സ്വപ്നത്തിന് നീളം കൂടിയേക്കാം,
എന്നുവച്ച് കാണാതിരിക്കുന്നതെങ്ങനെ?
അതുകൊണ്ട്
ഉറങ്ങിയുറങ്ങിയുറങ്ങിയുറങ്ങിയുറങ്ങി.....

പെണ്‍ദിനം

ഇന്നുമാത്രമല്ല,
നിന്റെ ചുഴികളിലാണോരോ
ഇരവ്പകലുകള്‍ പിറക്കുന്നത്,
അതുകൊണ്ട്,
എന്നും നിന്റെയാണ് !!

# നിന്റെ ആകാശവെളിച്ചങ്ങളില്‍ വിശുദ്ധനാക്കപ്പെടുന്ന ഞാന്‍...

Friday 1 April 2016

നിന്റെ മുടിയിലെ കാറ്റുമ്മകളില്‍ മുഖം നനച്ചുറങ്ങിയുറങ്ങി...

എന്റെ ഭ്രാന്തിന്റെ കടയ്ക്കല്‍
ആഴത്തില്‍/നീളത്തില്‍
നെടുകെ/കുറുകെ
വെട്ടാനായിട്ടാകും നീ വരിക.

അന്നുമുതല്‍
എന്റെ കവിതകളുടെ
ജാരനാകപ്പെടുന്ന ഞാന്‍,
ആ രഹസ്യത്തെ
നിന്നോടെങ്ങനെ
ഒളിക്കുമെന്നറിയാതെ
നിന്റെ ശ്വാസത്തില്‍
എന്റെ ശ്വാസം ചേര്‍ത്തമര്‍ത്തി
നിന്നെ ഗാഢമായി ചുംബിക്കുകയും
നുണയൊളിപ്പിച്ച
ഗൂഢമായൊരു ചിരിയോടെ
ഞാന്‍ ഉറങ്ങുകയും ചെയ്യും.