Monday 13 February 2017

ഗോത്രത്തിലേറ്റോം താഴ്ന്ന കവിത

കുന്നിന്‍ മുകളിലെ ശിഖരങ്ങള്‍
മാനം തൊടുന്ന വെയിലച്ചാരങ്ങള്‍ !!
കവച്ചുവച്ചുകൊണ്ട്
ഏന്തിവലിഞ്ഞു കയറുന്ന
ഗോത്രത്തിലേറ്റം താഴ്ന്ന കവിത...

കറുത്ത അക്ഷരങ്ങള്‍,
തീണ്ടായ്മ...

വരിതെറ്റിയ കവിതകളെക്കൊണ്ട്
ഞാവല്‍പ്പഴങ്ങള്‍ തിന്നുകൊണ്ടുനടക്കുന്ന
ഞാന്‍ !!

കവിതയില്‍ നീയില്ല,
നിന്റെ മുടിയിഴകള്‍ തീണ്ടുന്നുണ്ട്.
തുടകളിലാകെ
മഞ്ചാടികള്‍ ചുവന്നൊലിച്ച പാടുകള്‍...

ഗര്‍ഭപാത്രത്തില്‍ തീയാളുന്നുണ്ടൊരു കവിത,
ആത്മഹത്യ ചെയ്യപ്പെടുന്ന
മനുഷ്യനെക്കുറിച്ച്,
അല്ല, കൊല്ലുന്നതാണ്.
മരിയ്ക്കാന്‍ പറയുന്നതാണത്രേ...

അക്ഷരം പഠിക്കുന്ന കുട്ട്യോള്‍ക്ക്
കൊടി കൊടുത്തത് സ്വാതന്ത്ര്യം പറഞ്ഞോണ്ടാണെന്ന്...
രക്ഷയാണെന്ന് !!
ന്നിട്ട് ചത്തോന്നൊരു പറച്ചില്‍...

ചത്തോരൊക്കെ
കവിത എഴുതീര്ന്നൂത്രേ..!! ആവോ...

വേനലില്‍ അപ്പൂപ്പന്‍താടികള്‍
കൊറെ പറക്കുണുണ്ട് കുന്നുമ്മേല്‍,
ഒക്കെ കവിതകളാണ്...
മരിച്ച കുട്ട്യോള്‍ടെ !!

തിരിച്ചറിവ്:
ഇതിന്റൊക്കെ മുന്നില്‍ മ്മടെ കവിത്യൊക്കെ ഗോത്രത്തിലേറ്റം താഴ്ന്നതാ.....