Monday 24 November 2014

വിശപ്പാറിയതിന്റെ കണ്ണീര്‍

വടുക്കോറത്തെ തിണ്ണയില്‍
കരികൂട്ടി ചാണകം മെഴുകാനായെന്ന്
കാളി പറഞ്ഞത്,
അച്ഛമ്മയുടെ മടിശ്ശീലയിലെ
തുട്ട് കണ്ടാണെന്ന കാര്യം
അമ്മിയിലെ വറുത്ത മുളകിനൊപ്പം
അമ്മ നീട്ടിയരച്ചു.
അല്ലമ്പ്രാട്ടീ, കാവിലെ വേല ഇക്കുറിയാദ്യാ,
ഏന്റെ കുട്ട്യോള്‍ക്കീ വേലക്കെങ്കിലും
കഞ്ഞിപാറ്റിയത്;
കാളിയുടെ വാക്കുകളില്‍
തലേന്നത്തെ മത്തിയുടെ മുള്ള് തടഞ്ഞു.

വേലയ്ക്ക് ഇക്കുറിയെങ്കിലും
ആറുനാഴികൊള്ളണ ചെമ്പ് വാങ്ങണം,
പാടത്തുനിന്ന് കേറിവന്ന
അച്ഛന്റെ ചെവിയില്‍
തലയിണയില്ലാതമ്മ മന്ത്രം.
ചെമ്പില താളിച്ചതില്‍
ഉപ്പുപോരാ, മുളകുകൂടിയെന്നച്ഛനൊരാട്ട്...
പുളിങ്ങ കൂട്ടിയ മുളകുചമ്മന്തി
അമ്മയുടെ കണ്ണുനിറച്ചു.

കൊയ്ത കറ്റയുടെ നെല്ലിനെച്ചൊല്ലി
അച്ഛനും ചെറിയച്ഛനും വാ തല്ലി.
അടുക്കളയിലെ വേവാത്ത പരിപ്പിന്
പുകയൂതുന്ന അമ്മ.
കരിപിടിച്ച അടുക്കള പിന്നേയും തേങ്ങി.
എച്ചില്‍പ്പാത്രങ്ങള്‍
കൊട്ടത്തളത്തില്‍ കലമ്പിയില്ല.

കളപ്പുരയില്‍
നെല്ലിനുമീതെ അച്ഛനുറങ്ങി.
വേവാത്ത പരിപ്പുകറി
വിശക്കുന്ന വയറിനെ കാക്കുമ്പോള്‍,
വയറുകളുരുമ്മുന്നുണ്ടെവിടെയോ,
വിശപ്പറിയാതെ.
വെണ്ണീറ് കൂട്ടി തേച്ച് തേച്ച്
തേഞ്ഞുപോയ പിഞ്ഞാണങ്ങള്‍ക്ക്
വല്ലാതെ വിശന്നു; വിശപ്പറിയാതെയമ്മ
മുലഞെട്ടുകള്‍ അനിയന്റെ
വിശക്കുന്ന ചുണ്ടുകളില്‍
തിരുകിക്കൊടുത്തു.

കണ്ണീരുകള്‍ ഒരിക്കലും
വിശപ്പിനെക്കുറിച്ച് സംസാരിക്കുന്നില്ല,
വിശക്കുന്ന കണ്ണുകളിലെ കണ്ണീര്‍ത്തുള്ളികള്‍ക്ക്
വിശപ്പാറിയതുകൊണ്ടാകാം..!!

Monday 27 October 2014

എനിക്ക് കവിതയെഴുതാനറിയില്ല..!!

ഇന്ന് അരിമ്പൂര്‍ പള്ളിയില്‍
ജിന്‍സി ചേച്ചിയുടെ അനിയന്റെ മിന്നുകെട്ട്..!!

മുറിക്കൈയ്യന്‍ ഷര്‍ട്ടിട്ട സഹമുറിയന്‍
ബൈക്ക്  റൈസ് ചെയ്ത്
തിരക്കിനെത്തള്ളി.
പിന്‍സീറ്റിലേക്ക് കയറാനായി
ഉയര്‍ത്തിയ കാലിന്റെ ഇടയില്‍നിന്നുകേട്ട
ജീന്‍സ് കീറിയതുപോലുള്ള
ശബ്ദത്തിലേക്ക് കുനിഞ്ഞ
കണ്ണുകള്‍ക്ക് മുന്നിലൂടെ
അപ്പുറത്തെ രാധേച്ചിയുടെ പശുക്കള്‍
തലകീഴായി നടന്നുവന്നു.
രാധേച്ചിയുടെ ചിരി കണ്ണുകളിലെ
വെയിലിലേക്ക് മഞ്ഞുതുള്ളിയിറ്റിച്ചുതന്നു.

കിഴക്കുനിന്നു ഉച്ചിയിലേക്ക് നടക്കുന്ന
പകല്‍നിഴലുകളുടെ
നേരം വൈകിയെന്ന പറച്ചിലിനെ
സഹമുറിയനും ചവച്ചുതുപ്പി.
മിന്നുകെട്ടിന്റെ കോഴിക്കറിയിലേക്ക്
വിശപ്പിന്റെ ശബ്ദത്തോടെ
ബൈക്ക് കുതിയ്ക്കുമ്പോള്‍,
നാറുന്ന വെയില്‍ക്കാറ്റ് മുഖത്തേക്ക്
ഒരു ചിന്തയെ തുപ്പിയിട്ടു.

ഒരു കവിതയെഴുതിയാലോ?
കവിതയെഴുതാന്‍ എനിക്കറിയോ??
ക്രാഫ്റ്റുകളും ബിംബങ്ങളും
കവിതകള്‍ക്കിടയില്‍ക്കാണിക്കുന്ന
വൈരുദ്ധ്യഭംഗിയെ അറിയില്ല.
വായിച്ച കവിതകള്‍ പോലെയൊന്ന്,
അതെഴുതാനുള്ള ചിന്തയെ
ഫൂട്ട്പാത്തിലെ ഓടയില്‍ വില്‍പനയ്ക്കായി
നിരത്തിവച്ചിട്ടുണ്ടോയെന്ന്
കണ്ണുകള്‍ പരതി.

എന്തെഴുതണം?
പോകുന്ന കല്യാണത്തിന് കാണുന്ന
വയലറ്റ് നിറമുള്ള ചുരിദാറിട്ട
മെലിഞ്ഞമുഖമുള്ള സുന്ദരിയുടെ മൂക്കുത്തിയെക്കുറിച്ച്??
മുഴുപ്പുകളെ മുറുകെപ്പിടിച്ചോടിവരുന്ന,
ബസ്സിന്റെ മുന്‍വാതിലിലെ
കിളിയുടെ ലിംഗമുയര്‍ക്കുന്ന കാമിനിയുടെ
മുന്‍കാമുകന്‍ ഞാനാണെന്ന
സങ്കല്‍പ്പത്തിലുള്ള ഒരു പ്രണയം??
ഛായ്..!!

ഇങ്ങനെയോക്കെയാണോ കവിയെഴുതുക?
സാമൂഹത്തിലെ അനീതിയ്ക്കെതിരെ പടവാളാകുന്ന പേനകൊണ്ട്
പ്രധിഷേധമുളള കവിതയെഴുതണം.

വഴിയിലെ ആല്‍മരത്തിനുതാഴെ
പെണ്‍കുട്ടികള്‍ കയറി നില്‍ക്കുന്നതുകൊണ്ട്
നാണത്തില്‍ വിയര്‍ക്കുന്ന ബസ്സ് സ്റ്റോപ്പിനടുത്ത്
സുന്ദരിയായ ഭാര്യയോട്,
നരച്ച ഹൃദയമുള്ളവനായ ഭര്‍ത്താവ് കയര്‍ക്കുന്നു.
അവര്‍ക്ക് നടുവില്‍
നാലുവയസ്സുകാരിയായ മകള്‍
സമാധാനത്തിന്റെ മാലാഖയാകുന്നു.

കവിതയുടെ ചിറകുകരിഞ്ഞ മനസ്സ്,
അസ്വസ്ഥതയുടെ കണ്ണുകള്‍ നിരത്തിനിരു വശത്തും
ലംബ-തിരശ്ചീന രേഖകള്‍ വരച്ചു.
ഇടതുവശത്ത് പഴഞ്ചന്‍  ഭംഗിയോടെ നില്‍ക്കുന്ന
ഭീമന്‍വീടിനെ, വീട്ടിലെ പഴയ ടിവിയില്‍
നായകനായി കണ്ടതോര്‍ത്തു.
പള്ളിയിലെ തിരക്കുകള്‍ക്കിടയില്‍ കവിതയെത്തിരഞ്ഞ
കണ്ണുകള്‍ക്ക് നിരാശയുടെ പുളിപ്പുനിറഞ്ഞു.

കോഴിക്കറിയിലെ എരിവ്...
മീന്‍കറിയിലെ പുളി...
അന്നത്തിന് കടപ്പാട് ദൈവത്തിന് ചേര്‍ത്തു.
മടക്കയാത്രയില്‍
എഴുതാനൊരു കവിതയില്ലാത്ത
മനസ്സിനോട് ദേഷ്യം കയ്ച്ചു.
സഹമുറിയന്റെയേതോ അഭിപ്രായത്തിന്
വലിയൊരു  വട്ടപ്പൂജ്യം വിലനിശ്ചയിച്ചു; അവഗണിച്ചു.
വെയില്‍നാറുന്ന പകലിന് നടുവിലൂടെ
ഉച്ചത്തില്‍ ചൂളംവിളിയോടെ കടന്നുപോയ തീവണ്ടി,
അതിലെ ഇരിപ്പിടങ്ങളില്ലാത്ത യാത്രക്കാരായി
ഒരു യുവതിയും ഞാനും,
കണ്ണുകള്‍മാത്രം സംവേധിക്കുന്ന ലോകത്ത്
പ്രണയ ബദ്ധരാണ് ഞങ്ങള്‍ !!

ചിന്തകള്‍ മുറിഞ്ഞു ചോരയൊലിപ്പിക്കുമ്പോള്‍,
ബൈക്ക് പെട്ടന്ന് നിശ്ചയിച്ചുറപ്പിച്ച പോലെ
ഒരു കടയുടെ മുന്‍പില്‍ ഉരഞ്ഞുനിന്നു,
അരിയും പരിപ്പും പപ്പടവും വാങ്ങി; വീട്ടിലെത്തി,
ആലോചിച്ചുകൂട്ടിയ ചിന്തകളെ
പകര്‍ത്താനായെടുത്ത കടലാസ്സില്‍ ഇങ്ങനെയെഴുതി,
"എനിക്ക് കവിതയെഴുതാനറിയില്ല."

-വിനീത് വിജയ്

Tuesday 8 April 2014

ഒരുപക്ഷേ...

വേനല്‍ നാറിത്തുടങ്ങിയ
ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന്,
പരിഭവങ്ങളെയൊളിപ്പിച്ച mപ്രണയത്തോടെ
ആഴത്തിലെന്നെ
നീ നോക്കിയേക്കാം.

ഉച്ചത്തിലുള്ള
ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍,
ഞാന്‍ കേള്‍ക്കില്ലെന്നറിയാമായിരുന്നിട്ടും
ചുണ്ടുകളനക്കി, എന്‍റെ പേരുവിളിച്ച്
നീ വിതുമ്പിയേക്കാം.

നിയോണ്‍ വിളക്കുകള്‍
നിന്‍റെ കണ്ണുകളിലെ സമുദ്രങ്ങളില്‍
നക്ഷത്രങ്ങളാകുമ്പോള്‍,
ഒരുമിക്കാനാകാത്തയീ ജന്മത്തെ
നീ പഴിച്ചേക്കാം.

മറവിയുടെ
മാറാലയ്ക്കപ്പുറത്തൊളിപ്പിച്ചുവച്ച
പ്രണയനിശ്വാസങ്ങളെയൊരു
നെടുവീര്‍പ്പിലേക്ക്
നീ ഒതുക്കിയേക്കാം.

അരികില്‍,
അമ്മയുടെ കൈകളിലിരിക്കുന്ന
മകന്‍റെ കരച്ചിലിനെ ഒക്കത്തേക്കുവാങ്ങി
നീയെന്ന മറന്നേക്കാം.

ഏതൊക്കെയോ തിരിച്ചറിവുകളില്‍,
കണ്ണുകളിറുക്കിയടച്ച്‌
ഞാന്‍ നിന്‍റേതല്ലെന്ന് മനസിലുറക്കെപ്പറഞ്ഞ്
നീ നടന്നുപോയേക്കാം.

Friday 4 April 2014

കറുത്ത മനുഷ്യനും കറുത്ത ലോകവും

കത്തിജ്വലിക്കുന്ന സൂര്യന്‍
വലിയൊരു കരിക്കട്ടയായി
ഭൂമിയിലേക്ക്‌ മരിച്ചുവീഴുമ്പോള്‍
അന്നിതൊരു കറുത്ത ലോകമാകുകയും
'ഇന്നിന്‍റെ ലോകത്തിന്
ഉചിതമായ നിറംകിട്ടി'യെന്ന്
ദൈവം ഉച്ചത്തിലുച്ചത്തില്‍പ്പറയുകയും
പൊട്ടിപ്പൊട്ടിച്ചിരിക്കുകയും
ചെയ്തു.

Wednesday 5 March 2014

മരണത്തിന് നിറങ്ങളുള്ളൊരുടുപ്പ്

മരണമേ,
നിന്നെയാരാണീ
കറുപ്പുടുപ്പിടുവിച്ചത്?
നീലയോ, പച്ചയോ, മഞ്ഞയോ
നിറത്തിലൊരുടുപ്പിട്ട്
വന്നിരുന്നെങ്കില്‍,
ഭയഭാവങ്ങളൊട്ടുമില്ലാതെ
നിന്നെ പ്രണയിച്ചേനെ;
തയ്യല്‍ക്കാരന്‍ വേലുവാശാനോട്
പറയാം ഞാന്‍,
പഞ്ചവര്‍ണ്ണനിറങ്ങളില്‍
നിനക്കൊരുടുപ്പ് തുന്നാന്‍.

Friday 28 February 2014

ഇഷ്ടങ്ങള്‍ കളഞ്ഞുപോയവന്‍റെ ചിലയിഷ്ടങ്ങള്‍

പിണങ്ങിയോടിയ
നിദ്രയ്ക്ക് പിറകേയോടാതെ
മഴവില്ലിന്‍റെ നിറങ്ങളൊക്കെയും
കടമെടുത്ത്
സ്വപ്നങ്ങള്‍ തുന്നിയ
പട്ടമുണ്ടാക്കണം.
അതിലിരുന്ന്
നഷ്ടങ്ങളും നൊമ്പരങ്ങളുമില്ലാത്ത
രാജ്യത്തിലേക്ക്,
പകലുണരുന്നതിന് മുമ്പ്
തിരിച്ചുവരാവുന്നൊരു
വിരുന്നുപോകണം.

ഏകാന്തതയുടെ മുനമ്പിലൂടെ
സിഗരറ്റിന്‍റെ പുകയെ
ഓര്‍മ്മകളിലേക്ക്
ഊതിപ്പറത്തി, നിശബ്ദമായി
ഇ..ങ്ങ..നെ..
വെറുതെയിരിക്കണം.

ഉച്ചതിരിയുമ്പോള്‍
വെയിലിലുണങ്ങിയ പകലിലൂടെ
ശിവേട്ടന്‍റെ കള്ളുഷാപ്പിലേക്ക്
നടക്കണം,
മദ്യം നുരയുന്ന ഗ്ലാസുകളോട്
പറയാന്‍ ബാക്കിവച്ച
മഞ്ചാടിക്കാലത്തെക്കുറിച്ച് പറയണം.

ചെറിയതും ഇടുങ്ങിയതുമായ
ജീവിതവഴികളില്‍
വലിയൊരു രോഗത്തിന്‍റെ പേരിട്ട്,
ഏകാന്തതയിലേക്കെന്നെ
വലിച്ചെറിഞ്ഞ പ്രണയത്തെ
വിളിച്ചുവരുത്തുകയും,
ഒരുമിച്ചൊരു തുലാവര്‍ഷം
നനയുകയും,
മഴയ്ക്കൊപ്പം അവളിലേക്കൊരു
ചുംബനത്തെ അലിയിച്ചിറക്കുകയും
വേണമെനിക്ക്.

ചിതല്‍ തിന്നുതീരാറായ
ഇഷ്ടങ്ങളില്‍,
അങ്ങനെ പിന്നെയും ചിലതുകള്‍
ബാക്കിയാകുകയാണ്.

-ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസില്‍ ഈ ലക്കം വന്നത്

http://www.gulmoharmagazine.com/gulmoharonline/kavithakal/ishtangal

Thursday 27 February 2014

തിരിച്ചറിയപ്പെടാത്ത കവി

കുടിയിറക്കപ്പെട്ട
പ്രണയത്തിന്റെ ശേഷിപ്പുകള്‍
മരണവെപ്രാളത്തില്‍
ആര്‍ത്തിരമ്പുന്ന കടല്‍ക്കരയിലും
അറ്റമറിയാത്ത റെയില്‍വേ ട്രാക്കിലും
തെണ്ടിത്തിരിയുകയാണ്.

മരണത്തിന്റെ നിറുകയിലേക്ക്
മരഗോവണി ചാരിവയ്ക്കുന്നതിന്,
ധൈര്യം തിരഞ്ഞുപോയ
ബീവറേജ് ക്യൂവില്‍
ആത്മരോഷത്തോടെയൊരു
'പീ' വാക്കിനെ തുപ്പുകയും
മുന്‍പിലെ പകലിലുണങ്ങുന്ന
വെയിലിനൊപ്പമതിനെ
ചവിട്ടിയരക്കുകയും ചെയ്തു.

ദൈവം ഉപേക്ഷിക്കപ്പെട്ടവനെന്തിന്
ജീവിതത്തെ സ്നേഹിക്കണം?
ദൈവത്തിന്റെ പിഴ !
തനിച്ചാക്കപ്പെടുന്നു ചിന്തകള്‍ !!

നുരയുന്ന ചഷകങ്ങള്‍
രാത്രിയുടെ നീളമളന്നുതുടങ്ങിയപ്പോള്‍
ചോരയുടെ ചുവപ്പിനേക്കാള്‍
കറുപ്പിനെ ഭയക്കുകയാണ്;
എന്തിന്? എഴുതിയ അക്ഷരങ്ങളും
കറുപ്പായിരുന്നില്ലേ, എന്നിട്ടും...

ട്രെയിന്‍ ശബ്ദത്തില്‍
അക്ഷരങ്ങള്‍ വിറച്ചുകൊണ്ട്
തോള്‍സഞ്ചിയിലൊളിക്കുന്നു;
മടിപിടിച്ചൊരു പകല്‍
രാത്രിയിലേക്ക് നടക്കുമ്പോള്‍
ആരോ വിളിച്ചുപറയുന്നു,
'ദാ... റെയില്‍പാളത്തിലൊരു ശവം'

എഴുതപ്പെടാത്ത അക്ഷരങ്ങള്‍
ശവശരീരത്തിനരികില്‍
നിലവിളിക്കുന്നു;
ചുറ്റിലും മൊബൈല്‍ കാമറകള്‍
കണ്ണുതുറന്നതുകൊണ്ടാകാം,
അക്ഷരങ്ങള്‍ ഈച്ചകളായി
തിരിച്ചറിയപ്പെടാന്‍ സാധ്യതയില്ലാത്ത
കവിയുടെ ശരീരത്തിലെന്തോ
തിരഞ്ഞുതുടങ്ങിയത്.

Tuesday 18 February 2014

ഞാനങ്ങനെയൊരു കവിയല്ല !!

സുഹൃത്തേ,
നിങ്ങളുദ്ദേശിക്കുന്നപോലെ
ഞാനൊരു കവിയല്ല,
പിന്നെ ഞാനെങ്ങനെ
കവിതയെഴുതിത്തരും നിങ്ങള്‍ക്ക്?
എഴുതാനുദ്ദേശിച്ച വരികളൊക്കെയും
പിണങ്ങിമാറിനില്‍ക്കുമ്പോള്‍
പേനയുടെ മുനമ്പിലേക്കുനോക്കി
വിമുഖത കാണിക്കാറില്ല
ഞാന്‍.

സാമൂഹ്യപ്രതിബദ്ധതയുള്ള
എന്തെങ്കിലും എഴുതണമെങ്കില്‍,
അതെന്താണെന്നെനിക്കറിയില്ല
സുഹൃത്തേ;
പാവപ്പെട്ടവനെ എനിക്കറിയില്ല,
പത്ര വാര്‍ത്തകളിലെ
ദാരിദ്ര്യത്തെ മാത്രം മണത്തുനോക്കുന്ന
ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍.

സുഹൃത്തേ,
വെയില്‍നനഞ്ഞു പിച്ചയെടുക്കുന്ന
വിശപ്പിനെക്കുറിച്ചെഴുതാനും
എനിക്ക് കഴിയില്ല;
ശീതീകരിച്ച മുറിയിലിരുന്ന്
വൈകിയെത്തുന്ന ഭക്ഷണത്തിനോട്
ഒട്ടും ദേഷ്യം കാണിക്കാതെ,
ഇംഗ്ലീഷും മലയാളവുംകലര്‍ത്തി
വര്‍ത്താനിച്ച് വയറുനിറയ്ക്കുന്ന
ഞാനെങ്ങനെ വിശപ്പെഴുതും?

സുഹൃത്തേ,
നിങ്ങളുടെ ചോദ്യത്തിലെ പരിഹാസം
ഞാന്‍ തിരിച്ചറിയുന്നു.
പ്രണയിക്കാതിരിക്കുകയും
ദീര്‍ഘചുംബനത്തിലൂടെ
പെണ്ണിനെ ചേര്‍ത്തുപിടിക്കാതിരിക്കുകയും
പ്രണയത്തിലെ കാമത്തിനെമാത്രം
തിരയുന്ന ചിലര്‍ മാത്രം
സുഹൃത്തുക്കളാകുകയും ചെയ്യുമ്പോള്‍
ഞാനെങ്ങനെ പ്രണയമെഴുതും?

സുഹൃത്തേ,
വേണമെങ്കില്‍ ഞാനൊരു
ന്യുജനറേഷന്‍ കവിതയെഴുതിത്തരാം.
അങ്ങനെയാകുമ്പോള്‍
കാമം ചുവയ്ക്കുന്ന വാക്കുകളും
ഫക്കും മൈരുമടക്കമുള്ള
തെറികളും ചേര്‍ത്തെഴുതിയാല്‍
മതിയാകുമല്ലോ ??

Tuesday 11 February 2014

നഷ്ടപ്രതീക്ഷകള്‍

പ്രതീക്ഷയുടെ മുഖത്തിന്
വേശ്യയുടെ വശ്യതയാണെങ്കില്‍,
നഷ്ടങ്ങള്‍ക്ക് മാനഭംഗത്തിന്
ഇരയാക്കപ്പെട്ട 

പെണ്ണിന്‍റെ ദയനീയതയാണ് !! 

feeling- 
പെണ്ണേ...
നിന്‍റെ മുഖത്തവശേഷിച്ച
ഈ ഭാവത്തിനെ ഞാനെന്തിനോട്
താരതമ്യപ്പെടുതണം ??

Thursday 30 January 2014

അനാദിയില്ലാത്ത സ്നേഹം

നമ്മുടെ 
ചുംബനത്തിനിടയില്‍ മൗനം, 
അടുക്കും ചിട്ടയുമില്ലാതെ 
പറയുന്നത്
കാമത്തിന്‍റെ കഥയാണ്;
ചുണ്ടുകളില്‍ 
കാമത്തിന്‍റെ കറതേച്ചതും,
നമ്മള്‍ തന്നെയല്ലേ?

വാക്കുകള്‍ 
പടിയിറങ്ങിക്കോട്ടെ,
നമുക്കിടയിലൊരു ചുംബനം
ശ്വാസം മുട്ടുകയാണ്.
നീളമേറെയുള്ള മൗനത്തിനിടയില്‍ 
നിശ്വാസങ്ങളും 
ഞെരക്കങ്ങളുമളക്കുന്നത്,
അനാദിയില്ലാത്ത
നമ്മുടെ സ്നേഹമാണത്രേ..!!

Wednesday 29 January 2014

നുണയ്ക്കെന്തിനാണിത്ര ഭംഗി?

സത്യത്തിന്‍റെ നഗ്നദേഹത്തിലെ
പാടുകളും കുരുക്കളും
കരുവാളിപ്പുമെല്ലാംകൂടി
അതിനെ വിരൂപമാക്കുകയാണ്..!!

ഇന്ദുലേഖയും ധാത്രിയുമൊക്കെ
മനോഹരമാക്കിയ നുണക്ക്
ഇത്രയേറെ ഭംഗിയുണ്ടായിട്ടുമെന്തേ,
എല്ലാരും സത്യത്തിന്
പിറകേയോടുന്നു..??

 feeling- വിരൂപിയെങ്കിലും... സത്യമേ, എനിക്ക് നിന്നെ മതി..!!

Monday 27 January 2014

ചുംബനത്തിനായി കരഞ്ഞത് !!

മൗനം അക്ഷരങ്ങളെ
തിരഞ്ഞുതുടങ്ങിയപ്പോഴാണ്
അനാദിയായ സ്നേഹം
ഒരു പുഴയായി
പിറവിയെടുത്തത്;
ദിക്കറിയാതെയൊഴുകിയ
പുഴയുടെ ആഴങ്ങളിലേക്ക്
മഴയെറിഞ്ഞ വിത്തുകള്‍,
കാലത്തെതോല്‍പ്പിച്ച്
അതിവേഗം ആഴങ്ങളിലേക്ക്
വേരുകള്‍ നീട്ടുകയും
വാക്കുകളുടെ അകലത്തില്‍
പ്രണയത്തിന്‍റെ
ചിരിപ്പൂക്കള്‍ വിരിയിക്കുകയും
ചെയ്തപ്പോഴാണ്,
പുഴയുടെ നഗ്നതയിലായിട്ടും,
നിന്‍റെ ചുണ്ടുകള്‍
വരള്‍ച്ചയോടെ,
ഒരു ചുംബനത്തിനായി
കരഞ്ഞത്!!

Tuesday 7 January 2014

വികൃതമായ എന്‍റെ പ്രണയം !!

വഴിതെറ്റിയൊഴുകിയ കാലത്തിന്‍റെ
നഗ്നതയില്‍നിന്നൊരു
കൈവഴി നീണ്ടുവരികയും
തനിയേ നീയതിലേ നടന്നുപോകുകയും
ചെയ്തപ്പോഴാണ്,
തനിച്ചാക്കപ്പെട്ട ഞാന്‍
കാലം വീശിയെറിഞ്ഞ മഴയില്‍
പൊള്ളിയുരുകിയതും
എന്‍റെ പ്രണയം വികൃതമാകുകയും
ചെയ്തത്..!!
വെയില്‍ നനയുന്നയെനിക്കിന്ന്
പ്രണയം വിശക്കുന്നു..!!

Saturday 4 January 2014

നീളമില്ലായ്മ

മരണത്തിന്‍റെ
മുനമ്പിനോടടുത്തപ്പോഴാണ്,
ജീവിതത്തിന്‍റെ
നീളമില്ലായ്മയെ അറിഞ്ഞത്..!!