Sunday 24 November 2013

നനഞ്ഞ പ്രണയം

കണ്ണീരിന്‍റെ
തുലാവര്‍ഷപ്പെയ്ത്തില്‍
നനഞ്ഞുകുതിര്‍ന്നൊരു
പ്രണയം,
വരണ്ടുണങ്ങിയ
പുഴക്കരയില്‍
മീനവെയില്‍ കായുന്നുണ്ട്.

Saturday 23 November 2013

ഉറുമ്പിന്‍റെ ഉമ്മ

ഉറുമ്പേ...
നിന്‍റെ ഉമ്മയുടെ
ആദ്യപകുതി വേദനയാണെങ്കില്‍,
അടുത്ത പകുതി ചൊറിച്ചിലാണ്.
നീയിങ്ങനെയാണോ, നിന്‍റെ
പ്രണയിനിയേയും
ഉമ്മവച്ച് സ്നേഹിക്കുന്നത്??

Friday 22 November 2013

പ്രണയവിശപ്പ്‌

വല്ലാതെ വിശക്കുന്നുണ്ടെനിക്ക്,
പ്രണയത്തിന്‍റെ വിശപ്പ്‌.
ആരെയാണ് പ്രണയിക്കുക?

1.
എണ്ണമെഴുക്കിനൊപ്പം
വേദനയുടെ നിഴല്‍ പറ്റിപ്പിടിച്ച
കറുത്തമുഖവുമായി മുറ്റമടിക്കുന്ന
ലേവിയുടെ വിധവയോട്
ചോദിച്ചു,
'നിനക്കെന്നെ പ്രണയിച്ചൂടെ?
പ്രണയം കലക്കിയ
കുളത്തില്‍ കുളിപ്പിക്കുകയും
പ്രണയലേപനംപുരട്ടി
നിന്നെ സുന്ദരിയാക്കുകയും
ചെയ്യാം...'

അവളുടെ കുറ്റിചൂലിനെഭയന്ന്
മുറ്റത്തേക്ക് വിറച്ചുവീണ
വാക്കുകളില്‍,
അവള്‍ കാര്‍ക്കിച്ചുതുപ്പുകയും
എന്‍റെ ചെവിയിലേക്കൊരു
പുതിയതെങ്കിലും പുളിച്ചുപോയ
തെറിയെ ഇറ്റിക്കുകയും
ചെയ്തു.

2.
മീന്‍ചൂരുള്ള സൈനബ
അരക്കിലോ മത്തിയ്ക്കൊപ്പം
എന്‍റെ വാക്കുകളെ പൊതിഞ്ഞ്
പറഞ്ഞു,
'ങ്ങള് വയ്യിട്ട്
ഒരു മുന്നൂറുറുപ്പികേംകൊണ്ട്
പൊരേലിക്ക് വെരിന്‍,
കെട്ട്യോന് മരുന്ന് വാങ്ങാനാ...
ന്നിട്ടിങ്ങളിന്ന്
മുയ്യോനെന്നെ പ്രണയിച്ചോളിന്‍.'

3.
ഒരു നേരത്തേക്ക്
വിലയ്ക്കെടുക്കുന്ന പ്രണയമല്ല,
വിശപ്പ് മാറുവോളം
കാമവിചാരങ്ങള്‍ക്കതീതമായി
പ്രണയിക്കണമെനിക്ക്.

കുങ്കുമചുവപ്പുള്ള ഹൃദയവും
സ്നേഹം കണ്ണെഴുതിയ മുഖവുമുള്ളൊരു
പെണ്ണിനെ വേണമെനിക്ക്,
ഭാര്യയോ ഭാര്യയല്ലാത്തവളോ
വിധവയോ വേശ്യയോ ആരുമാകാം.

വല്ലാതെ വിശക്കുന്നുണ്ടെനിക്ക്,
പ്രണയത്തിന്‍റെ വിശപ്പ്‌.
ആരെയാണ് പ്രണയിക്കുക?

Wednesday 20 November 2013

അച്ഛനും അമ്മയും

അടുപ്പ് പുകയാത്തടുക്കളയില്‍,
വിശപ്പുവറ്റാത്ത പിഞ്ഞാണത്തിലേക്ക്
നെടുവീര്‍പ്പോടെ നോക്കുന്നുണ്ടമ്മ !!

കഷണ്ടിയില്‍ വറ്റ് തിരഞ്ഞ്,
പൊള്ളുന്ന വിശപ്പിന്‍റെ വേനലിലേക്ക്
കാലുനീട്ടിയിരിക്കുന്നുണ്ടച്ഛന്‍ !!

Tuesday 19 November 2013

ശവമെന്ന പുതിയ പേര്

മരണം തിന്നുതീര്‍ത്ത
വെറും ശരീരമായിരുന്നയാള്‍ക്ക് ഞാന്‍;
വിശപ്പുവറ്റിയാകണം
പുഴുക്കള്‍ എന്നില്‍നിന്ന്
ഇഴഞ്ഞകലുന്നത്.

ഇനി ഉയിര്‍പ്പില്ലെന്ന ഉറപ്പിലാകണം
പള്ളിത്തൊടിയ്ക്ക്
പുറത്ത്, ആറടി നീളത്തില്‍
മണ്ണകറ്റിയതും
നിലവിളിക്കാത്ത ആംബുലന്‍സ്
എന്നെയെടുത്തോടിയതും
അതിനയാള്‍ കൂലിയെണ്ണിയതും.

അസ്വസ്ഥത പുതപ്പിക്കുന്ന
കരച്ചിലുകള്‍ക്കപ്പുറത്ത് അയാള്‍ക്ക്
ശാന്തതയാണ്.

കത്തിയും കത്രികയുമെന്‍റെ
തൊലിയുടുപ്പുകള്‍ വെട്ടിത്തയ്ക്കുകയും
മൂക്കില്‍ പഞ്ഞിവയ്ക്കുകയും
ആരോ കാതില്‍
'ശവ'മെന്ന് പേരുവിളിക്കുകയും
ചെയ്തു !!

ഞാനെന്നെ നോക്കിയൊന്നുചിരിച്ചു,
എനിക്കൊട്ടും ചേരാത്ത
'ശവ'മെന്ന പേര് പതുക്കെ വിളിച്ചു.
അയാളുടെ ചുണ്ടുകളുടെ
അരികിലൂടെയും
'ശവ'മെന്നയെന്‍റെ പുതിയ പേര്
വഴുക്കിനടന്നു !!

Monday 18 November 2013

മരണദൂരം

ദിക്കേതെന്നറിയാതെ
ഭൂമിയുടെ ഓരോ കോണില്‍നിന്നും
പ്രണയക്കിതപ്പോടെ
ഞാനുറക്കെ വിളിയ്ക്കുകയാണ്
നിന്നെ !!

"എടീ മഞ്ചാടിപ്പെണ്ണേ..."

ചിലപ്പോഴൊക്കെ
ചുഴലിക്കാരനെപോലെ വിറച്ചും
തിരക്കുള്ള അടുക്കളയിലെ
പാത്രങ്ങളെപോലെ കലമ്പിയും
മഴയുടെ നെഞ്ചിലെ
ഒടുവിലത്തെ നിലവിളിയായും
ആ വിളിയൊച്ച മേഘങ്ങളെ
തൊട്ടു !!

ഇടയ്ക്കെപ്പോഴോ
ആ വിളിയൊച്ചയിറങ്ങിവന്ന്
മഴയുടെ ചേലചുറ്റുകയും
ഭംഗിപോരെന്നുപറഞ്ഞ്
അഴിച്ചുമാറ്റി,
ബീച്ചില്‍ അലഞ്ഞുനടക്കുന്ന
ചെറുപ്പക്കാരന്‍ കാറ്റിനൊപ്പം
കടലില്‍ കാല്‍ നനക്കുകയും
പകല്‍ വെയിലില്‍ ഉണക്കുകയും
ചെയ്തു !!

മഴത്തുള്ളികളെ
ആദ്യം കൈനീട്ടിവാങ്ങുന്ന മലയിലെ,
ഏറ്റവും ഉയരമുള്ളിടത്തുനിന്ന്
അവസാനമായി നിന്നെ
വിളിക്കുകയാണ്‌ ഞാന്‍.

"എടീ മഞ്ചാടിപ്പെണ്ണേ..."

ദിക്കുകളെത്തിരഞ്ഞുപോയ
ആ വിളിയൊച്ചയ്ക്ക്
മരണം കൊണ്ടളക്കേണ്ടുന്ന
ആഴത്തില്‍നിന്നാണ് നീ വിളികേട്ടത്.

ബോധമണ്ഡലത്തിലെ
ഒരുനിമിഷത്തെ നിശബ്ദതയ്ക്കപ്പുറം
എന്നിലെ ഭ്രാന്തന്‍
പൊട്ടി ചിരിക്കുകയും
പൊട്ടി കരയുകയുമുണ്ടായി,
ചിന്തകളില്‍ നീയും
നിന്നിലേക്കുള്ള ദൂരവും മാത്രം.

എനിക്കും നിനക്കുമിടയില്‍
ഇനിയൊരു മരണദൂരം മാത്രം !!

പ്രണയം, ചില കാഴ്ചകള്‍

1.
പ്രണയം നിറച്ച
മണ്‍കുടമേന്തിനില്‍ക്കുന്ന
നീയും, നിന്നെ
വരയ്ക്കുന്ന ചിത്രകാരന്‍
ഞാനുമാണ് !!

2.
ദാഹിച്ചൊരു
ചുംബനം പ്രണയത്തിന്‍റെ
കരയിലേക്ക്
വേഗത്തില്‍ നടക്കുന്നുണ്ട്,
കുടം കമിഴ്ത്തിവച്ച്
കുടത്തില്‍ പ്രണയം
നിറയ്ക്കുന്നുണ്ട് കാമുകന്‍ !!

3.
വൈകുന്നേരവെയിലിലേക്ക്
പാര്‍ക്ക് ചെയ്ത
കാറിലെ തണുപ്പില്‍,
പെണ്ണിന്‍റെ മേനിയില്‍
ചുംബനങ്ങളാലൊരു
കവിതയെഴുതുന്നുണ്ടൊരു
പ്രണയം !!

4.
ചൂരല്‍ചുഴറ്റിവരുന്ന
പ്രിന്‍സിപ്പലിനെപ്പേടിച്ചാകാം,
കോണിച്ചുവട്ടില്‍
രണ്ടധരങ്ങള്‍
വേഗത്തിലൊരു ചുംബനം
കൈമാറിയോടിയത് !!

5.
ഏകാന്തതയില്‍,
മൗനത്തിന്‍റെ മുനതട്ടി
മുറിഞ്ഞൊരു
പ്രണയമെന്‍റെയരികില്‍,
ചിലന്തിവലയിലെ
പ്രാണിയായ് പിടയുന്നു !!

6.
പടിഞ്ഞാറേക്ക്
നടക്കുന്ന പകലില്‍,
വഴിക്കണ്ണുകളെപ്പേടിച്ച്‌
നിരത്തിലൂടെ
ഓരംചേര്‍ന്ന് പതിയെ
നടന്നുപോകുന്നുണ്ടൊരു
പ്രണയം !!

7.
മരിയ്ക്കാന്‍ പേടിച്ചൊരു
പ്രണയം കടലില്‍
കാല്‍നനയ്ക്കുമ്പോള്‍
കടലയുപേക്ഷിച്ച
കടലാസ്സുകള്‍,
രണ്ടു കടലാസുതോണികളായ്
കടലിലേയ്ക്കിറങ്ങുന്നു !!

8.
ഇടവഴിയില്‍നിന്ന്
രണ്ടുപേര്‍ വേര്‍പ്പെട്ടോടുന്നു,
നിലത്ത് പിടഞ്ഞുവീണ
ചുംബനത്തെ
പരിഹസിക്കുന്നുണ്ടൊരു
പടിഞ്ഞാറന്‍ കാറ്റ് !!

9.
ചുവന്ന വിളക്കിലെ
എണ്ണതീരുകയും
നേരംവെളുക്കുവോളം
പ്രണയത്തിരി കത്തുകയും
ചെയ്യുന്ന വീട്ടിലേക്ക്
ഇരുട്ട് നടന്നു !!

10.
മദ്യത്തിന്‍റെ
അരുചിയിലൊതുക്കാവുന്ന
ഒരു പ്രണയത്തെയും
ഭൂമിയിലേക്ക്
ആരും പ്രസവിച്ചിട്ടില്ലാ !!

Wednesday 6 November 2013

മറവിയിലേക്ക്...

മൗനം
ചിറകുകുടയുന്ന
പ്രണയത്തിന്‍റെ
ഇടവഴിയിലെവിടെയോ,
ഉപേക്ഷിക്കപ്പെട്ടൊരു
ചുംബനം;
മറവിയിലത്‌
നരയ്ക്കുന്നതറിയാതെ
നീ മറക്കുന്ന ഞാനും,
ഞാന്‍ മറക്കുന്ന നീയും !!

Tuesday 5 November 2013

കടലാസ് തോണി !!

ചുവന്ന അക്ഷരങ്ങള്‍
പ്രണയം കോറിയിട്ട
കടലാസ്സില്‍
കണ്ണീര്‍ത്തുള്ളികള്‍
മുഖമിട്ടുരയ്ക്കുകയാണ്.

പുറത്ത്, തുലാവര്‍ഷം
ആകാശത്തൊരു പത്തായം
വലിയ ശബ്ദത്തില്‍
തുറക്കുകയും,
ഭൂമിയുടെ മൂന്ന്-നാല്
ഫോട്ടോയെടുക്കുകയും
ചെയ്തു.

തെക്കേയറയില്‍
നിന്നിറങ്ങിവന്ന ചുമയെ
വാതില്‍ വലിച്ചടച്ച്‌
അവള്‍ അറയിലേക്കുതന്നെ
ആഞ്ഞുതള്ളി; അടുപ്പിലെ
പുകയൂതുന്നതിനിടെ
പുകതട്ടി കണ്ണിലൂറിയ
കണ്ണീരിനെ അവളുടെ
സങ്കടത്തിനു കൂടെച്ചേര്‍ത്ത്
പച്ചവിറകിനെ പ്രാകി.

മണ്ണെണ്ണവിളക്കില്‍
ശരിക്ക് കണ്ണുതിരിയാതെ
അവളുടെ പ്രണയം
ഇരുട്ടിലേക്ക്
തെന്നിവീഴുമ്പോള്‍,
ഏകാന്തതയുടെ
മുനമ്പിലേക്ക്‌ കയറുന്ന
മൗനം അടുപ്പില്‍
നീറിപുകയുകയും
മഷിയുണങ്ങാത്തൊരു
പ്രണയലേഖനം
മുറ്റത്തുകൂടി
തെക്കേത്തൊടിയിലേക്ക്
തോണിയായി ഒഴുകുകയും
ചെയ്തു !!

Monday 4 November 2013

പ്രണയം... ചുംബനം... മൗനം...

മുറുമുറുത്തുകൊണ്ട്
കോലായിലൂടെ
പൊരിവെയിലിലേക്ക്
പ്രണയം
ഇറങ്ങിപ്പോകുമ്പോള്‍,
അകത്തളത്തിലൊരു
ചുംബനം
വല്ലാതെ ശ്വാസംമുട്ടുകയും
മരണവെപ്രാളം കാണിക്കുകയും,
പിന്‍വാതിലിലൂടെ
ക്ഷീണിതനായി മൗനം
കയറിവരികയും
കോരിവച്ചിരുന്ന കുടത്തിലെ
വെള്ളം മടുമടാന്നു
കുടിക്കുകയും ചെയ്തു !!

Sunday 3 November 2013

ഓടിമറയുന്നോര്‍മ്മകള്‍ !!

സ്മൃതിപഥങ്ങളില്‍
വയലിലൂടെയും,
തോടിന് കുറുകെക്കെട്ടിയ
കവുങ്ങുപാലത്തിലൂടെയുമോടുന്ന
തുലാവര്‍ഷത്തിന്
പിറകേയോടുന്ന
ആറുവയസ്സുകാരനും
അവന്‍റേടത്തിയും
മഴത്തുള്ളികളെ കുടഞ്ഞിട്ടതാണോ
കവിളിലെ ഈ നനവ്‌?

-മഞ്ചാടിക്കാലത്തിലേക്ക് ഓടിമറയുന്ന ഓര്‍മ്മകളുടെ പിറകെയോടി കിതയ്ക്കുന്നു...