Friday 27 December 2013

സത്യമെങ്കിലും നുണയാണത് !!

നീയില്ലെന്നത്
പരമമായ സത്യം...
എങ്കിലും,
എന്‍റെ മനസ്സിനതിന്നുമൊരു
വല്യേ നുണയാണ് !!

Saturday 21 December 2013

കവിത മരിച്ചെന്ന് പറഞ്ഞ ചെങ്ങായിയോട് !!

ഓലക്കുട ചൂടിയ
വരന്തിരപ്പള്ളി ഷാപ്പിലെ
ഇളകിയ ബഞ്ചിലിരിക്ക്
ചെങ്ങായീ...
അവിടന്നൊരു കവിത കിട്ടൂല്ലേ??

ഇല്ലെങ്കില്‍,
പാല്യേക്കര ബീവറേജിന്‍റെ
നീളമുള്ള വരിയിലൊന്നു നിക്ക്
ചെങ്ങായീ...
അവിടന്നൊരു കവിത കിട്ടൂല്ലേ??

ഹണീബിയുടെ മൂഡില്‍
വരന്തിരപ്പള്ളി ഇടവഴിയിലൂടെ
വെറുതെയൊന്നു നടക്ക്
ചെങ്ങായീ...
അവിടന്നൊരു കവിത കിട്ടൂല്ലേ??

നക്ഷത്രങ്ങള്‍ക്കൊപ്പം
വേദനകളേം നഷ്ടങ്ങളേം
ആകാശത്തൊട്ടിച്ചുവച്ച്
മ്മക്കതുനോക്കി പാടത്ത് കിടക്കാം
ചെങ്ങായീ...
അവിടന്നൊരു കവിത കിട്ടൂല്ലേ??

(രതീഷ്‌ കൃഷ്ണയോട് പറഞ്ഞത്...)

Tuesday 17 December 2013

മഴയത്തൊരുമ്മ..!!

നിനക്കൊപ്പം നനയാന്‍
വേനലിനെ ഉമ്മവയ്ക്കുന്നൊരു
മഴപെയ്യണമിപ്പൊ !!
അപ്പൊ, നനഞ്ഞോരുമ്മയെ നിന്നിലേക്ക്‌
അലിയിച്ചിറക്കണമെനിക്ക് !!

Monday 16 December 2013

ഇന്ന് കവിതാദിനം !!


കവികള്‍ക്ക് എന്‍റേയും ആശംസകള്‍ !!
--------------------------------------
കവിതേ,
നിന്നെയെഴുതപ്പെടാന്‍
കഴിഞ്ഞില്ലെനിക്കിതുവരേയും,
വാക്കുകളുടെ വക്കില്‍
പ്രാണന്‍വെടിയുകയാണല്ലോ നീ?

Sunday 8 December 2013

കവിതയെ തിരയുന്ന അക്ഷരങ്ങള്‍

1.
മൗനത്തിന്‍റെ ഗര്‍ഭപാത്രത്തില്‍
പിറവിയെടുക്കുന്നുണ്ട്,
ഒരക്ഷര ഭ്രൂണം വളരെ പതിയെ.

2.
ഏകാന്തതയോട് പിണങ്ങിയ മൗനം
ഇപ്പോള്‍ അക്ഷരങ്ങളെ
പെറ്റുകൂട്ടുന്ന തിരക്കിലാണ്.

3.
കണ്ണീരിലേക്ക് ഊര്‍ന്നുവീണ
ചിരിപ്പൊട്ടിന് ചുട്ടുപൊള്ളി,
അമ്മയുടെ കൈതട്ടി ജനാലപടിയിലെ
സൈബാള്‍ താഴേക്കുവീണു.

4.
എഴുതാത്ത കവിതയിലെ
അക്ഷരങ്ങളെ പെറുക്കുന്ന വിരലുകള്‍,
എകാന്തതയോട് പൊരുത്തപ്പെടാതെ
വെയിലിലേക്കിറങ്ങിയോടുന്ന
അക്ഷരപ്പൊട്ടുകള്‍.

5.
ലൈബറിയിലെ നിശബ്ദതയില്‍,
ദാമ്പത്യത്തിന്‍റെ അര്‍ത്ഥം
തിരയുകയാണ് നവദമ്പതികള്‍.

Saturday 7 December 2013

ചില പഴയ വരികള്‍

1.
അന്നെനിക്കാദ്യമായ് തോന്നി,
കുടിച്ചിറക്കിയ
നിന്‍റെ അധരങ്ങളേക്കാള്‍ രുചിയാണീ
ചഷകത്തില്‍ പതഞ്ഞുയര്‍ന്ന
മദ്യത്തിന്‍റെ ചവര്‍പ്പിനെന്ന് !!

2.
നിന്‍റെയധരങ്ങളിലൊളിച്ച
മൗനത്തില്‍ ഞെരുങ്ങിയെന്‍റെ
പ്രണയം മരണവെപ്രാളത്തിലാണ്.
നിന്‍റെ നിശ്വാസം മതിയാകും
അതിന് പുനര്‍ജ്ജനിയാകാന്‍ !!

3.
ഒരു വരിയായി ചുരുങ്ങിയ
ഞാനിന്ന് ഒരെഴുത്തായി,
അതിപ്പോള്‍ ഒരായിരം
അര്‍ത്ഥങ്ങളേകുന്ന ഒരക്ഷരവും !!

4.
നെഞ്ചില്‍ തലയിട്ടുരച്ച്,
പോട്ടിക്കരഞ്ഞവള്‍
പോയപ്പോഴും ബാക്കിയായത്
ഷര്‍ട്ടില്‍ പുരണ്ട
കണ്മഷിയും ഉപ്പും മാത്രം !!

5.
അലറിപ്പെയ്യുന്ന മഴയേ...
അലറിക്കരഞ്ഞുകൊണ്ട്,
മിഴികളില്‍ ഒരു വര്‍ഷവും നിറച്ച്
നിന്നെ തോല്പ്പിക്കുകയാണ്
ഇവിടൊരുത്തി !!

Friday 6 December 2013

മൂന്ന് ചുംബനങ്ങള്‍

1.
പ്രണയത്തിന്‍റെ
നഗ്നതയിലേക്ക് വഴുതിയ
ചുംബനം മുറിയുകയും
രക്തമൊലിപ്പിച്ചുകൊണ്ട്
അലറിക്കരയുകയും
ചെയ്തു.

2.
നമ്മുടെ
പ്രണയത്തിനിടയിലേക്ക്
വീണ മൗനം,
അതിലേക്ക്
പിറന്നുവീണ ഒരക്ഷരം
കൊന്നുവീഴ്ത്തിയതൊരു
ചുംബനത്തെയാണ്‌.

3.
നാണം ചുവയ്ക്കുന്നൊരു
ആദ്യചുംബനം
നിന്‍റെയധരങ്ങളെ
ചേര്‍ന്നുനിന്ന് കാല്‍വിരലാല്‍
ഒരു കളംവരയ്ക്കുന്നു.

Monday 2 December 2013

നിന്നെ ഭോഗിക്കുന്നതിന് മുന്‍പ്..!!

പ്രണയമേ,
നീയെനിക്ക് മുന്‍പില്‍
വിവസ്ത്രയാകേണ്ടതുണ്ട്.
നിന്‍റെ നഗ്നതയെനിക്ക് കാണുകയും
അഴകളവുകളില്‍
ചുംബിക്കുകയും വേണമെനിക്ക്;
പിന്നീട് മാത്രമേ 
നിന്നെ ഞാന്‍ ഭോഗിക്കുകയുള്ളൂ !!

Sunday 24 November 2013

നനഞ്ഞ പ്രണയം

കണ്ണീരിന്‍റെ
തുലാവര്‍ഷപ്പെയ്ത്തില്‍
നനഞ്ഞുകുതിര്‍ന്നൊരു
പ്രണയം,
വരണ്ടുണങ്ങിയ
പുഴക്കരയില്‍
മീനവെയില്‍ കായുന്നുണ്ട്.

Saturday 23 November 2013

ഉറുമ്പിന്‍റെ ഉമ്മ

ഉറുമ്പേ...
നിന്‍റെ ഉമ്മയുടെ
ആദ്യപകുതി വേദനയാണെങ്കില്‍,
അടുത്ത പകുതി ചൊറിച്ചിലാണ്.
നീയിങ്ങനെയാണോ, നിന്‍റെ
പ്രണയിനിയേയും
ഉമ്മവച്ച് സ്നേഹിക്കുന്നത്??

Friday 22 November 2013

പ്രണയവിശപ്പ്‌

വല്ലാതെ വിശക്കുന്നുണ്ടെനിക്ക്,
പ്രണയത്തിന്‍റെ വിശപ്പ്‌.
ആരെയാണ് പ്രണയിക്കുക?

1.
എണ്ണമെഴുക്കിനൊപ്പം
വേദനയുടെ നിഴല്‍ പറ്റിപ്പിടിച്ച
കറുത്തമുഖവുമായി മുറ്റമടിക്കുന്ന
ലേവിയുടെ വിധവയോട്
ചോദിച്ചു,
'നിനക്കെന്നെ പ്രണയിച്ചൂടെ?
പ്രണയം കലക്കിയ
കുളത്തില്‍ കുളിപ്പിക്കുകയും
പ്രണയലേപനംപുരട്ടി
നിന്നെ സുന്ദരിയാക്കുകയും
ചെയ്യാം...'

അവളുടെ കുറ്റിചൂലിനെഭയന്ന്
മുറ്റത്തേക്ക് വിറച്ചുവീണ
വാക്കുകളില്‍,
അവള്‍ കാര്‍ക്കിച്ചുതുപ്പുകയും
എന്‍റെ ചെവിയിലേക്കൊരു
പുതിയതെങ്കിലും പുളിച്ചുപോയ
തെറിയെ ഇറ്റിക്കുകയും
ചെയ്തു.

2.
മീന്‍ചൂരുള്ള സൈനബ
അരക്കിലോ മത്തിയ്ക്കൊപ്പം
എന്‍റെ വാക്കുകളെ പൊതിഞ്ഞ്
പറഞ്ഞു,
'ങ്ങള് വയ്യിട്ട്
ഒരു മുന്നൂറുറുപ്പികേംകൊണ്ട്
പൊരേലിക്ക് വെരിന്‍,
കെട്ട്യോന് മരുന്ന് വാങ്ങാനാ...
ന്നിട്ടിങ്ങളിന്ന്
മുയ്യോനെന്നെ പ്രണയിച്ചോളിന്‍.'

3.
ഒരു നേരത്തേക്ക്
വിലയ്ക്കെടുക്കുന്ന പ്രണയമല്ല,
വിശപ്പ് മാറുവോളം
കാമവിചാരങ്ങള്‍ക്കതീതമായി
പ്രണയിക്കണമെനിക്ക്.

കുങ്കുമചുവപ്പുള്ള ഹൃദയവും
സ്നേഹം കണ്ണെഴുതിയ മുഖവുമുള്ളൊരു
പെണ്ണിനെ വേണമെനിക്ക്,
ഭാര്യയോ ഭാര്യയല്ലാത്തവളോ
വിധവയോ വേശ്യയോ ആരുമാകാം.

വല്ലാതെ വിശക്കുന്നുണ്ടെനിക്ക്,
പ്രണയത്തിന്‍റെ വിശപ്പ്‌.
ആരെയാണ് പ്രണയിക്കുക?

Wednesday 20 November 2013

അച്ഛനും അമ്മയും

അടുപ്പ് പുകയാത്തടുക്കളയില്‍,
വിശപ്പുവറ്റാത്ത പിഞ്ഞാണത്തിലേക്ക്
നെടുവീര്‍പ്പോടെ നോക്കുന്നുണ്ടമ്മ !!

കഷണ്ടിയില്‍ വറ്റ് തിരഞ്ഞ്,
പൊള്ളുന്ന വിശപ്പിന്‍റെ വേനലിലേക്ക്
കാലുനീട്ടിയിരിക്കുന്നുണ്ടച്ഛന്‍ !!

Tuesday 19 November 2013

ശവമെന്ന പുതിയ പേര്

മരണം തിന്നുതീര്‍ത്ത
വെറും ശരീരമായിരുന്നയാള്‍ക്ക് ഞാന്‍;
വിശപ്പുവറ്റിയാകണം
പുഴുക്കള്‍ എന്നില്‍നിന്ന്
ഇഴഞ്ഞകലുന്നത്.

ഇനി ഉയിര്‍പ്പില്ലെന്ന ഉറപ്പിലാകണം
പള്ളിത്തൊടിയ്ക്ക്
പുറത്ത്, ആറടി നീളത്തില്‍
മണ്ണകറ്റിയതും
നിലവിളിക്കാത്ത ആംബുലന്‍സ്
എന്നെയെടുത്തോടിയതും
അതിനയാള്‍ കൂലിയെണ്ണിയതും.

അസ്വസ്ഥത പുതപ്പിക്കുന്ന
കരച്ചിലുകള്‍ക്കപ്പുറത്ത് അയാള്‍ക്ക്
ശാന്തതയാണ്.

കത്തിയും കത്രികയുമെന്‍റെ
തൊലിയുടുപ്പുകള്‍ വെട്ടിത്തയ്ക്കുകയും
മൂക്കില്‍ പഞ്ഞിവയ്ക്കുകയും
ആരോ കാതില്‍
'ശവ'മെന്ന് പേരുവിളിക്കുകയും
ചെയ്തു !!

ഞാനെന്നെ നോക്കിയൊന്നുചിരിച്ചു,
എനിക്കൊട്ടും ചേരാത്ത
'ശവ'മെന്ന പേര് പതുക്കെ വിളിച്ചു.
അയാളുടെ ചുണ്ടുകളുടെ
അരികിലൂടെയും
'ശവ'മെന്നയെന്‍റെ പുതിയ പേര്
വഴുക്കിനടന്നു !!

Monday 18 November 2013

മരണദൂരം

ദിക്കേതെന്നറിയാതെ
ഭൂമിയുടെ ഓരോ കോണില്‍നിന്നും
പ്രണയക്കിതപ്പോടെ
ഞാനുറക്കെ വിളിയ്ക്കുകയാണ്
നിന്നെ !!

"എടീ മഞ്ചാടിപ്പെണ്ണേ..."

ചിലപ്പോഴൊക്കെ
ചുഴലിക്കാരനെപോലെ വിറച്ചും
തിരക്കുള്ള അടുക്കളയിലെ
പാത്രങ്ങളെപോലെ കലമ്പിയും
മഴയുടെ നെഞ്ചിലെ
ഒടുവിലത്തെ നിലവിളിയായും
ആ വിളിയൊച്ച മേഘങ്ങളെ
തൊട്ടു !!

ഇടയ്ക്കെപ്പോഴോ
ആ വിളിയൊച്ചയിറങ്ങിവന്ന്
മഴയുടെ ചേലചുറ്റുകയും
ഭംഗിപോരെന്നുപറഞ്ഞ്
അഴിച്ചുമാറ്റി,
ബീച്ചില്‍ അലഞ്ഞുനടക്കുന്ന
ചെറുപ്പക്കാരന്‍ കാറ്റിനൊപ്പം
കടലില്‍ കാല്‍ നനക്കുകയും
പകല്‍ വെയിലില്‍ ഉണക്കുകയും
ചെയ്തു !!

മഴത്തുള്ളികളെ
ആദ്യം കൈനീട്ടിവാങ്ങുന്ന മലയിലെ,
ഏറ്റവും ഉയരമുള്ളിടത്തുനിന്ന്
അവസാനമായി നിന്നെ
വിളിക്കുകയാണ്‌ ഞാന്‍.

"എടീ മഞ്ചാടിപ്പെണ്ണേ..."

ദിക്കുകളെത്തിരഞ്ഞുപോയ
ആ വിളിയൊച്ചയ്ക്ക്
മരണം കൊണ്ടളക്കേണ്ടുന്ന
ആഴത്തില്‍നിന്നാണ് നീ വിളികേട്ടത്.

ബോധമണ്ഡലത്തിലെ
ഒരുനിമിഷത്തെ നിശബ്ദതയ്ക്കപ്പുറം
എന്നിലെ ഭ്രാന്തന്‍
പൊട്ടി ചിരിക്കുകയും
പൊട്ടി കരയുകയുമുണ്ടായി,
ചിന്തകളില്‍ നീയും
നിന്നിലേക്കുള്ള ദൂരവും മാത്രം.

എനിക്കും നിനക്കുമിടയില്‍
ഇനിയൊരു മരണദൂരം മാത്രം !!

പ്രണയം, ചില കാഴ്ചകള്‍

1.
പ്രണയം നിറച്ച
മണ്‍കുടമേന്തിനില്‍ക്കുന്ന
നീയും, നിന്നെ
വരയ്ക്കുന്ന ചിത്രകാരന്‍
ഞാനുമാണ് !!

2.
ദാഹിച്ചൊരു
ചുംബനം പ്രണയത്തിന്‍റെ
കരയിലേക്ക്
വേഗത്തില്‍ നടക്കുന്നുണ്ട്,
കുടം കമിഴ്ത്തിവച്ച്
കുടത്തില്‍ പ്രണയം
നിറയ്ക്കുന്നുണ്ട് കാമുകന്‍ !!

3.
വൈകുന്നേരവെയിലിലേക്ക്
പാര്‍ക്ക് ചെയ്ത
കാറിലെ തണുപ്പില്‍,
പെണ്ണിന്‍റെ മേനിയില്‍
ചുംബനങ്ങളാലൊരു
കവിതയെഴുതുന്നുണ്ടൊരു
പ്രണയം !!

4.
ചൂരല്‍ചുഴറ്റിവരുന്ന
പ്രിന്‍സിപ്പലിനെപ്പേടിച്ചാകാം,
കോണിച്ചുവട്ടില്‍
രണ്ടധരങ്ങള്‍
വേഗത്തിലൊരു ചുംബനം
കൈമാറിയോടിയത് !!

5.
ഏകാന്തതയില്‍,
മൗനത്തിന്‍റെ മുനതട്ടി
മുറിഞ്ഞൊരു
പ്രണയമെന്‍റെയരികില്‍,
ചിലന്തിവലയിലെ
പ്രാണിയായ് പിടയുന്നു !!

6.
പടിഞ്ഞാറേക്ക്
നടക്കുന്ന പകലില്‍,
വഴിക്കണ്ണുകളെപ്പേടിച്ച്‌
നിരത്തിലൂടെ
ഓരംചേര്‍ന്ന് പതിയെ
നടന്നുപോകുന്നുണ്ടൊരു
പ്രണയം !!

7.
മരിയ്ക്കാന്‍ പേടിച്ചൊരു
പ്രണയം കടലില്‍
കാല്‍നനയ്ക്കുമ്പോള്‍
കടലയുപേക്ഷിച്ച
കടലാസ്സുകള്‍,
രണ്ടു കടലാസുതോണികളായ്
കടലിലേയ്ക്കിറങ്ങുന്നു !!

8.
ഇടവഴിയില്‍നിന്ന്
രണ്ടുപേര്‍ വേര്‍പ്പെട്ടോടുന്നു,
നിലത്ത് പിടഞ്ഞുവീണ
ചുംബനത്തെ
പരിഹസിക്കുന്നുണ്ടൊരു
പടിഞ്ഞാറന്‍ കാറ്റ് !!

9.
ചുവന്ന വിളക്കിലെ
എണ്ണതീരുകയും
നേരംവെളുക്കുവോളം
പ്രണയത്തിരി കത്തുകയും
ചെയ്യുന്ന വീട്ടിലേക്ക്
ഇരുട്ട് നടന്നു !!

10.
മദ്യത്തിന്‍റെ
അരുചിയിലൊതുക്കാവുന്ന
ഒരു പ്രണയത്തെയും
ഭൂമിയിലേക്ക്
ആരും പ്രസവിച്ചിട്ടില്ലാ !!

Wednesday 6 November 2013

മറവിയിലേക്ക്...

മൗനം
ചിറകുകുടയുന്ന
പ്രണയത്തിന്‍റെ
ഇടവഴിയിലെവിടെയോ,
ഉപേക്ഷിക്കപ്പെട്ടൊരു
ചുംബനം;
മറവിയിലത്‌
നരയ്ക്കുന്നതറിയാതെ
നീ മറക്കുന്ന ഞാനും,
ഞാന്‍ മറക്കുന്ന നീയും !!

Tuesday 5 November 2013

കടലാസ് തോണി !!

ചുവന്ന അക്ഷരങ്ങള്‍
പ്രണയം കോറിയിട്ട
കടലാസ്സില്‍
കണ്ണീര്‍ത്തുള്ളികള്‍
മുഖമിട്ടുരയ്ക്കുകയാണ്.

പുറത്ത്, തുലാവര്‍ഷം
ആകാശത്തൊരു പത്തായം
വലിയ ശബ്ദത്തില്‍
തുറക്കുകയും,
ഭൂമിയുടെ മൂന്ന്-നാല്
ഫോട്ടോയെടുക്കുകയും
ചെയ്തു.

തെക്കേയറയില്‍
നിന്നിറങ്ങിവന്ന ചുമയെ
വാതില്‍ വലിച്ചടച്ച്‌
അവള്‍ അറയിലേക്കുതന്നെ
ആഞ്ഞുതള്ളി; അടുപ്പിലെ
പുകയൂതുന്നതിനിടെ
പുകതട്ടി കണ്ണിലൂറിയ
കണ്ണീരിനെ അവളുടെ
സങ്കടത്തിനു കൂടെച്ചേര്‍ത്ത്
പച്ചവിറകിനെ പ്രാകി.

മണ്ണെണ്ണവിളക്കില്‍
ശരിക്ക് കണ്ണുതിരിയാതെ
അവളുടെ പ്രണയം
ഇരുട്ടിലേക്ക്
തെന്നിവീഴുമ്പോള്‍,
ഏകാന്തതയുടെ
മുനമ്പിലേക്ക്‌ കയറുന്ന
മൗനം അടുപ്പില്‍
നീറിപുകയുകയും
മഷിയുണങ്ങാത്തൊരു
പ്രണയലേഖനം
മുറ്റത്തുകൂടി
തെക്കേത്തൊടിയിലേക്ക്
തോണിയായി ഒഴുകുകയും
ചെയ്തു !!

Monday 4 November 2013

പ്രണയം... ചുംബനം... മൗനം...

മുറുമുറുത്തുകൊണ്ട്
കോലായിലൂടെ
പൊരിവെയിലിലേക്ക്
പ്രണയം
ഇറങ്ങിപ്പോകുമ്പോള്‍,
അകത്തളത്തിലൊരു
ചുംബനം
വല്ലാതെ ശ്വാസംമുട്ടുകയും
മരണവെപ്രാളം കാണിക്കുകയും,
പിന്‍വാതിലിലൂടെ
ക്ഷീണിതനായി മൗനം
കയറിവരികയും
കോരിവച്ചിരുന്ന കുടത്തിലെ
വെള്ളം മടുമടാന്നു
കുടിക്കുകയും ചെയ്തു !!

Sunday 3 November 2013

ഓടിമറയുന്നോര്‍മ്മകള്‍ !!

സ്മൃതിപഥങ്ങളില്‍
വയലിലൂടെയും,
തോടിന് കുറുകെക്കെട്ടിയ
കവുങ്ങുപാലത്തിലൂടെയുമോടുന്ന
തുലാവര്‍ഷത്തിന്
പിറകേയോടുന്ന
ആറുവയസ്സുകാരനും
അവന്‍റേടത്തിയും
മഴത്തുള്ളികളെ കുടഞ്ഞിട്ടതാണോ
കവിളിലെ ഈ നനവ്‌?

-മഞ്ചാടിക്കാലത്തിലേക്ക് ഓടിമറയുന്ന ഓര്‍മ്മകളുടെ പിറകെയോടി കിതയ്ക്കുന്നു...

Thursday 31 October 2013

ഓര്‍മ്മയുറുമ്പുകള്‍

ചുണ്ടില്‍
തേച്ചുപോയ
നിന്‍റെ ചുംബനത്തിന്‍റെ
മധുരത്തിലേക്ക്
അരിച്ചിറങ്ങുന്ന
ഓര്‍മ്മയുറുമ്പുകള്‍
എവിടെയൊക്കെയോ
കടിച്ചു,
നോവിച്ചു !!

Wednesday 30 October 2013

പൊട്ടിപ്പോയ ചുംബനം !!

നമ്മുടെ ചുംബനത്തില്‍ ലജ്ജിച്ച്
മഴയ്ക്ക്‌ പുറകിലൊളിക്കുന്ന
വെയിലിനെക്കണ്ടാണോ നീ
അസ്വസ്ഥയായത്?

ഒട്ടും ഔചിത്യബോധമില്ലാതെ
അവിടേയ്ക്ക് കയറിവന്ന
ഇരുട്ടിനെക്കണ്ട്‌ ഭയന്നാണോ,
എന്നില്‍നിന്ന്
ചുണ്ടുകളെയും പറിച്ചെടുത്തുകൊണ്ട്
നീ ഇറങ്ങിയോടിയത്?

നിന്‍റെ ചുണ്ടുകളില്‍,
ഞാന്‍ വളരെയമര്‍ത്തി ചുംബിച്ചു.
ചോരപൊട്ടിയത് വിരലില്‍തോണ്ടിയെടുത്ത്
'ഹോ, മുറിഞ്ഞു'വെന്ന് നീ കരഞ്ഞു;
ഞാന്‍ ചിരിച്ചു.

പൊട്ടിപ്പോയ ചുംബനത്തിന്‍റെ
അരികിലൂടെ
കാമത്തിന്‍റെ വിശപ്പുള്ള
-യെന്‍റെ ചിന്തകള്‍
നിന്നിലേക്ക്‌ നടക്കുകയും
നിന്നെ വിവസ്ത്രയാക്കുകയും
ചെയ്തു !!

കാമത്താല്‍
അന്ധനാക്കപ്പെട്ടയെന്‍റെ അലര്‍ച്ചകളും
നിന്‍റെ രോദനങ്ങളും
ജനാലയിലൂടെ മഴയിലേക്ക്
ഇറങ്ങിപ്പോകുകയും,
ഇരുളതിനെ നനയ്ക്കുകയും
മഴ കുടപിടിക്കുകയും ചെയ്തു !!

നിശ്ചലമായ
നിമിഷത്തിലെന്‍റെ ചിന്തകള്‍
പിന്നെയും വഴുതി,
നീ പോയതെത്ര നന്നായി?
ഇല്ലെങ്കിലെന്‍റെ ചിന്തകള്‍
മാത്രമല്ല, ഞാനും
നിന്നില്‍ പൊങ്ങിത്താഴ്ന്നേനെ !!
നീ മലിനമായേനെ !!

Friday 25 October 2013

തെറ്റായിപ്പിറന്ന പെണ്ണ് !!

ഓലമെടഞ്ഞുകെട്ടിയ
നാലുമറകള്‍ക്കിടയില്‍
തന്നെ കൊത്തിപ്പറിക്കുന്ന
കണ്ണുകളെയറിയാതെ
അമ്മു കുളിച്ചുതോര്‍ത്തി.

ഈറനുടുത്ത് കോലായിലേക്ക്
കയറുമ്പോഴവളെ ചുറ്റിപ്പിടിച്ച
രണ്ടാനച്ഛന്‍റെ കൈകളില്‍നിന്നവള്‍
കുതറിക്കരഞ്ഞോടിയത്,
വാതം തളര്‍ത്തിക്കിടത്തിയ
അമ്മയ്ക്കരികിലേക്ക് !!
അവളുടെ കണ്ണീരിന്
ആക്രോശങ്ങളും തെറികളും
പാശ്ചാത്തല സംഗീതമാക്കി
ചെറിയച്ഛന്‍..!!

വേഷംമാറി ടൗണിലെ
തുണിക്കടയിലേക്കോടുമ്പോള്‍
നനഞ്ഞ കണ്ണുകളിലേക്ക്
പകല്‍വെയില്‍
നിര്‍ദ്ദയം കുത്തിയിറങ്ങി
അവളെ നോവിക്കുമ്പോഴും
ഉള്ളില്‍ കരഞ്ഞുണരുന്ന
വിശപ്പറിഞ്ഞില്ലവള്‍..!!

ഫുട്ബോര്‍ഡിലേക്ക്
കാലെടുത്തുവയ്ക്കുമ്പോള്‍
തന്നെയുരസിയ
ബസ്സിലെ കിളിയുടെ കൈകള്‍
ചന്തിയിലൊന്ന് പിതുക്കിയപ്പോഴും
അറിഞ്ഞില്ലെന്ന് നടിക്കാനേ
അവള്‍ക്കായുള്ളൂ...
ബസ്സിലെ കമ്പിയില്‍
തൂങ്ങിനിന്നപ്പോഴും
വയറിലുരസ്സുന്ന കൈകള്‍,
ദയനീയമായവള്‍ തിരിഞ്ഞുനോക്കി-
'ഞാനൊന്നുമറിഞ്ഞില്ലേ,
രാമാ നാരായണാ'യെന്ന്
തോന്നിപ്പിക്കുന്ന
മധ്യവയസ്സിലെത്തിയ മുഖം !!
ടിക്കറ്റ്‌ മുറിക്കുമ്പോള്‍
മുലയളവുകളെടുക്കുന്ന
കണ്ടക്ടറുടെ കണ്ണുകള്‍ !!
അമ്മു മെഴുകുതിരിയായി,
സ്വയമുരുകിയൊലിച്ച് പൊള്ളി.

ബസ്സിറങ്ങി
കടയിലേക്കൊടുമ്പോള്‍
ബാഗിലെ മൊബൈല്‍ മുരണ്ടുണര്‍ന്നു;
മൊബൈല്‍ ഡിസ്പ്ലേയിലെ നമ്പര്‍,
ഇരകൊളുത്തിയ
ചൂണ്ടക്കുരുക്കുപോലെ
കണ്ണുകളില്‍ തൂങ്ങിയാടി !!

വഴിയിലെ ആണ്‍കണ്ണുകളും
തുണിക്കടയിലെ പുരുഷന്‍മാരും
പ്രായഭേദമന്യേ
ഇന്നുമവളുടെ മുഴുപ്പുകളെ
അളന്നുതിട്ടപ്പെടുത്തിയത്
അവളറിയുന്നുണ്ടായിരുന്നു.
കാമത്തിന്‍റെ കഴുകന്‍
കണ്ണുകളാണൊക്കെയും !!
ഉള്ളില്‍ ഉത്തരമറിയാത്തൊരു
ചോദ്യത്തിനുള്ള അച്ചുനിരത്തിയവള്‍,
പെണ്ണായിപ്പിറന്നതാണോയെന്‍റെ തെറ്റ്??

ഭ്രാന്തന്‍മുറിവ്

നീയെന്ന ഭ്രാന്തിന്
പുറകെയോടി കിതയ്ക്കുമ്പോള്‍
എന്നിലെവിടെയൊക്കെയോ
പ്രണയമെന്ന ചങ്ങലയുരഞ്ഞ് 
മുറിയുകയാണ് !!

Sunday 20 October 2013

നിന്‍റെ പേര്, നീയെന്ന പേര് !!

മെറീനയിലെ
മണലിലെഴുതിയ പേര്,
എന്നിലെ മരണപ്പെട്ട
പേരിനെ പിന്നെയുമെഴുതി
മായ്ച്ചു;
തിരകള്‍ കേറിവന്നുമായ്ച്ച
പേരിനെ നോക്കി
പൊട്ടിക്കരഞ്ഞു ഞാന്‍ !!

ഒറ്റനക്ഷത്രവും
പൂത്തുലഞ്ഞ കാര്‍മേഘങ്ങളും
ചുവന്നപൊട്ടുപോലുള്ള സൂര്യനും
പിന്നെയാരൊക്കെയോ
സാക്ഷിയായ പേര്,
ഞാന്‍ വീണ്ടുമെഴുതി.

കരയിലേക്ക് ഓടിക്കയറിയ
തിര നിന്നെത്തൊടാതെ അറച്ചുനിന്നു.
നീയെന്ന പേരിനെ
തലോടിപ്പോയൊരു കാറ്റ്,
നോര്‍ത്ത് ഇന്ത്യക്കാരിയുടെ
പിങ്ക് സാരിമാറ്റി,
ഗോതമ്പ് നിറമുള്ള
വയറിനെത്തഴുകി ഓടിപ്പോയി.

കച്ചവടക്കാരനായ
തമിഴന്‍ പയ്യന്‍
ഭാഷയറിയാതെ
നിന്‍റെ പേരക്ഷരങ്ങളെ
നോക്കിനിന്നു,
ഭിക്ഷയ്ക്കിറങ്ങിയ കിഴവനും
കൈനോട്ടക്കാരി കിഴവിയും
എന്‍റെ വട്ടിനെനോക്കി
പരിഹസിച്ചിരിക്കാം.

ഈറനുടുത്തൊരു മഴ
കരയിലേക്ക് നടന്നുകയറി;
കവിളില്‍, കണ്ണീരില്‍ പൊള്ളിയ
മഴത്തുള്ളി ഉണങ്ങി.
ഇപ്പോള്‍,
ഒരു പേരെന്നെനോക്കി
പരിഹസിക്കുന്നു,
നിന്‍റെ പേര്.. നീയെന്ന പേര്..!!

Friday 18 October 2013

പൊള്ളുന്ന പ്രണയം

പുറത്ത്, റോഡിലൂടെ
പൊള്ളുന്നൊരു വെയില്‍
പടിഞ്ഞാറേക്ക്
നടന്നുപോകുന്നു,
കൂടെ, വെയിലില്‍ നനഞ്ഞ്
ഒരു കാമുകനും
ഒരു കാമുകിയും !!

പൊള്ളുന്ന
ആ പ്രണയം നോക്കി,
പേരറിയാത്ത മരത്തിനു
ചുവട്ടിലെ കിളവിയും,
വട്ടത്തിലൊരു
പുകയൂതിവിട്ട് ഞാനും !!

Thursday 17 October 2013

നേരം കുടഞ്ഞിട്ട മഞ്ചാടിക്കുരുക്കള്‍ !!

അവളുടെ ചുണ്ടുകളില്‍നിന്ന്
ഇറങ്ങിയോടിയൊരു ചുംബനം,
വഴിതെറ്റി ഓടിക്കയറിയത്
വരണ്ടുണങ്ങിയ അവന്‍റെ
ചുണ്ടുകളിലായിരുന്നു.

നിശബ്ദതയിലെ
അവരുടെ ശീല്‍കാരങ്ങളെ
ഇടയ്ക്കെപ്പോഴോ ഘടികാരത്തിലെ
കുഞ്ഞുകിളി മാത്രം
ചിലച്ചുകൊണ്ട് വന്നുനോക്കി;
ചുമരിലെ ഇണചേരുന്ന
നിഴലുകളെ കണ്ടായിരിക്കണം,
അതുവഴിപോയ കാറ്റ്
ജനാല വാതില്‍ചാരിയത്.

ആലസ്യത്തിലേക്ക്
വീശിയ വെളിച്ചത്തില്‍ക്കണ്ടു,
വെളുത്ത കിടക്കവിരിയിലേക്ക്
നേരം കുടഞ്ഞിട്ട
ചില മഞ്ചാടിക്കുരുക്കള്‍..!!

അസ്വസ്ഥത പെയ്തുതുടങ്ങിയനേരത്ത്
മദ്യത്തിന്‍റെ മണമുള്ള
മുനയൊടിഞ്ഞ അവന്‍റെ വാക്കുകള്‍,
പുകച്ചുരുളുകള്‍ക്കൊപ്പം
അവളിലേക്ക് മുടന്തി.

"നിന്നെയെനിക്ക്
വിവാഹം കഴിക്കണം..."

"ങ്ഹും..."

മരിച്ചുവീഴുന്ന
വാക്കുകള്‍ക്കതീതമായ ആഴത്തില്‍
മൗനങ്ങള്‍  സംസാരിച്ചുതുടങ്ങിയപ്പോള്‍
അവന്‍ കണ്ടു,
അവളുടെ ചുണ്ടിണകളുടെ
അരികിലൂടെ അരിച്ചുനീങ്ങുന്ന
ഒരു പുച്ഛം..!!
അതുകാണാനാകാതെ
അവന്‍ മുഖംതിരിച്ചു !!

Tuesday 15 October 2013

മഴയിലേക്കിറങ്ങിപോയ പ്രണയം

എന്നോട് വാശിപിടിച്ച്
മഴയിലേക്കിറങ്ങിപോയ പ്രണയം,
വെയിലിലുണങ്ങി
കയറിവരുന്നതുകണ്ടപ്പോള്‍
കലിയാണ് വന്നത്.

ഉണ്ണിയെത്തല്ലാന്‍
ഇറയത്തുവച്ചിരുന്ന ചൂരലെടുത്ത്
പൊതിരെത്തല്ലി...

അവളകത്തേക്ക് കയറാതെ
കോലായില്‍ത്തന്നെ നിന്ന് മോങ്ങി,
തെക്കോട്ടേക്ക്
വേഗത്തില്‍ ഒരു മഴ ഓടിപ്പെയ്തു.
ആ മഴയിലേക്ക് അവളിറങ്ങി,
പിന്നെ... നനഞ്ഞില്ലാതായി.

ചൂരല്‍ ഇറയത്തേക്ക് തിരുകി
ഉമ്മറവാതിലടച്ചു,
അടുക്കളയിലെത്തി
ഊണ് വിളമ്പിയ ഇലയ്ക്കുമുന്നില്‍
ചമ്രം പടിഞ്ഞമര്‍ന്നു.

Monday 14 October 2013

പേരിടാത്തത്..!!

വികലമായ നിന്‍റെ ചിന്തയുടെ
വെള്ളിവാളുകൊണ്ട് കബന്ധമാക്കപ്പെട്ട
എന്‍റെ പ്രണയമിന്ന് ഗതികിട്ടാത്ത
പ്രേതംകണക്കെ അലയുകയാണ് !!

-തിരസ്കരിക്കപ്പെട്ട
പ്രണയത്തിന്‍റെ തീച്ചൂളയില്‍,
അസ്വസ്ഥമായി ഉരുകുകയാണ് ഞാന്‍ !!

Wednesday 9 October 2013

പതിനാറിലെത്തിയതറിയാതെ..!!

ബാല്യകാലസഖിയുടെ
മുപ്പതാമത്തെ പേജില്
വര്‍ണ്ണക്കടലാസ്സിലെഴുതിയ
ആദ്യത്തേതും
ഒടുക്കത്തേതുമായ
പ്രേമലേഖനം..!!

എടവയീക്കൂടെ
മദ്രസ്സേക്ക് ഓടുമ്പയും,
ഉസ്കൂളിക്ക്
പാടവരമ്പത്തൂടെ
പുള്ളിക്കൊടേല്
നനഞ്ഞിജ്ജ് പോമ്പഴും
കൂടെണ്ടേര്‍ന്നന്നോട്
പറയേര്ന്നില്ലേ?

സൈനബാ,
അതിലെ
ഹൃദയചിഹ്നങ്ങളില്
ഇജ്ജ് തറച്ചുവച്ച
അമ്പുകളൊക്കേം
അന്ന് കൊണ്ടതിന്‍റെ
കല്‍ബിലാണ്.

സൈനബാ,
അനക്ക് ന്നെത്രയ്ക്ക്
ഇഷ്ടേരുന്നെങ്കില്
ന്തിനേജ്ജന്‍റെ വാപ്പാന്‍റെ
പ്രായള്ള അറബീനെ
നിക്കാഹ് കയ്ച്ചത്?

അനക്ക്
പതിനാറായത് മ്മളോട്
പറഞ്ഞേര്‍ന്നെങ്കില്
മ്മള് കൊണ്ടോക്വേര്ന്നില്ലേ
അന്നെ ന്‍റെ ഹൂറിയായിട്ട്...??

Saturday 5 October 2013

പ്രണയത്തിന്‍റെ ശവമഞ്ചം

പുറംതിരിഞ്ഞിരിക്കുന്ന
പ്രണയത്തിന്‍റെ
വാലിലൊരു
ഓലപ്പടക്കം
കെട്ടിവയ്ക്കാനും
തിരികൊളുത്താനും
തോന്നിയതെപ്പോഴാണ്?

ശിവകാശിയിലെ
പടക്കങ്ങളെപ്പോലെ
നല്ല ഒച്ചയില്‍ത്തന്നെയാണത്
പൊട്ടിയത്,
പുകച്ചുരുളുകള്‍ക്കപ്പുറം
അവള്‍ മറയുമ്പോള്‍
എനിക്കെന്തിനാ
ചിരിയ്ക്കാന്‍ തോന്നിയത്?

ഒന്നുമാത്രമറിയാം,
അവളുടെ നെഞ്ചില്‍
കുരുങ്ങിക്കിടന്ന
നിലവിളിപോലെ
നല്ല മഴയുണ്ടായിരുന്നു
അപ്പോള്‍ !!

പ്രണയത്തിന്‍റെ മരണം
സ്ഥിരീകരിച്ചത്
ഓര്‍മ്മിപ്പിക്കുന്നതുപോലെ
നിലവിളിയോടെ
തെക്കോട്ട്‌ പോകുന്ന
ആംബുലന്‍സ് !!
നിരത്തിലൂടെ
ആഘോഷത്തോടെ
പാട്ടുംകൂത്തുമായി നീങ്ങുന്ന
ശവമഞ്ചം !!

സംസ്കരിക്കുന്നതിനിയും
വൈകരുതെന്നുറപ്പിച്ച്,
പ്രണയത്തിന്‍റെ
ശവമഞ്ചവും ചുമന്ന്
അടുത്തുള്ള ac ബാറിലേക്ക്
ഞാന്‍ ധൃതിയില്‍ നടന്നു !!

Monday 30 September 2013

മഴയായ്...

ദുഃഖവേനലില്‍,
സന്തോഷം ഒരു മഴയായ്
ചാറിയകലുകയാണ്.

Saturday 28 September 2013

സ്നേഹത്തിന്‍റെ ഗന്ധം

മുഖമില്ലാത്തൊരു
സ്നേഹത്തിനായലയുമ്പോള്‍,
നീ വച്ചുനീട്ടിയ
പ്രണയത്തിന്‍റെ മുഖം മൂടിയണിഞ്ഞ
സ്നേഹത്തിന് ചതിയുടെ
നിറവും ചൂരും !!

നീയൊഴുക്കിയ
കാമത്തിന്‍റെ മുഖം മൂടിയണിഞ്ഞ
സ്നേഹത്തിന്
വിയര്‍പ്പിന്‍റേയും ഡിയോഡറന്‍റിന്‍റേയും
കൂടിക്കലര്‍ന്ന
അഴുകിയ മറ്റേതോ ഗന്ധം !!

ഒരു മൃദുചുംബനത്തിന്‍റെ
ആലസ്യത്തിലായിരുന്ന നിന്നെ
മരണത്തിലേക്ക് കൈപിടിച്ചു
നടത്തിയപ്പോള്‍,
തേരട്ടയെപ്പോലെ
നിലത്തിഴഞ്ഞുനീങ്ങിയ രക്തത്തിന്
എന്‍റെ പ്രിയപ്പെട്ട ഗന്ധം !!

Thursday 26 September 2013

ഭ്രാന്തനായ കവി !!

നിന്‍റെ പ്രണയമെന്നിലെ
കവിയെ എനിക്ക് കാണിച്ചുതന്നു !!
അതേ പ്രണയത്തിന്‍റെ മരണം
എന്നിലെ ഭ്രാന്തനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുത്തു !!

-ഓര്‍മ്മകള്‍ പലതും പുളിച്ചുതികട്ടുകയാണ്.

Thursday 19 September 2013

എന്നിലെ, നിന്‍റെ മരണം

സ്നേഹത്തിനെയൊരു
തുലാസില്‍ അളന്നെടുത്ത് നീയകലുമ്പോഴും
നെരിപ്പോടിനേക്കാള്‍ നീറിയ
ഹൃദയത്തിന്‍റെ കോണിലെവിടെയോ
നീ മരണവെപ്രാളത്തില്‍ പിടയുന്നതറിഞ്ഞത്
ഞാന്‍ മാത്രമായിരുന്നു.

Friday 13 September 2013

ഞാന്‍..!!

നീയെന്നിലൊരു
മഹാവൃക്ഷമായ്
പടരുമ്പോള്‍,
നിന്നിലെക്കൊരു
അണുവായ്
ചുരുങ്ങുകയായിരുന്നു
ഞാന്‍...

Monday 9 September 2013

പൂര്‍ണ്ണവിരാമമിടുന്നതിന് മുമ്പ്

ആദ്യവാചകത്തിനൊടുക്കം
നീ കുത്തിയിട്ട മൂന്നുകുത്തുകളിലാണ്
ജീവിതം തുടങ്ങിയത്.

ഉദ്ദരണിയിട്ട നിന്‍റെ
വാക്കുകളുടെ ഒടുവിലൊരു
ആശ്ചര്യചിഹ്നമിട്ടത് ഞാനായിരുന്നു.

ജീവിത പകുതിയിലെത്തിപ്പെട്ടത്
ബ്രാക്കറ്റിനുള്ളിലെ
ഇടുങ്ങിയ ജീവിതത്തിലേക്ക്.

ഇടയ്ക്കൊരു കോമയിട്ട്
തടഞ്ഞതുപോലെയുള്ള ജീവിതത്തിന്
വാര്‍ദ്ധക്യത്തിന്‍റെ മടുപ്പ്.

പൂര്‍ണ്ണവിരാമത്തിന് നേരമായെങ്കിലും
ബാക്കിയായ ചിഹ്നങ്ങള്‍
മുന്നില്‍ ചിതറിക്കിടക്കുകയാണ്.

അതെവിടെ വേണമെന്ന
ചിന്തകള്‍ക്ക് മുമ്പിലൊരു
ചോദ്യചിഹ്നത്തെ വയ്ക്കുന്നതിനുമുമ്പ്,
ചിന്തകള്‍ക്കും
എനിക്കുമിടയിലേക്കൊരു
പൂര്‍ണ്ണവിരാമവുമായ് നീയെത്തി

നേരത്തെയായോ?
അതോ വൈകിയോ??

പൂര്‍ണ്ണവിരാമത്തിന്
ശേഷമാണെങ്കിലും ബാക്കിയായതിലെ,
ഉപയോഗിക്കാനെടുത്ത
ആ ചോദ്യചിഹ്നത്തെ
ഞാനിവിടെ ഉപയോഗിക്കുന്നു.

പൂര്‍ണ്ണവിരാമമുള്ള
ഒരുത്തരമില്ലാതെ, ചിതലരിക്കാന്‍
മാത്രമായൊരു ചോദ്യചിഹ്നം !!

Thursday 29 August 2013

നിഴല്‍ നൃത്തം

കടപൂട്ടി
പള്ളിയുടെ വശത്തുള്ള
ഇടവഴിയിലൂടെ
വീട്ടിലേക്ക്,
സെമിത്തേരിയില്‍
നിഴലുകളുടെ നൃത്തം !!

പള്ളിവാതിലിലൂടെ
പുറത്തേക്കിറങ്ങിവരുന്ന
വെളിച്ചത്തിലേക്ക്
ഒരു നിഴല്‍ നിശബ്ദമായി
കയറിപ്പോകുന്നു.

രണ്ടാമത്തെ നിഴലും
അതുപോലെ.
ഭയത്തിന്‍റെ ചൂരുള്ളൊരു
പടിഞ്ഞാറന്‍കാറ്റ്
എനിക്കുചുറ്റും വീശി.

വെളിച്ചത്തില്‍
നിന്നിറങ്ങിവന്ന
നിഴല്‍ നടന്നുപോയത്,
സെമിത്തേരിയിലെ
മൂന്നാമത്തെ
കല്ലറയ്ക്കകത്തേക്ക്.

നിഴലുകളെ
മായ്ച്ചുകളയാനൊരു മഴ.

ടോര്‍ച്ചുതെളിച്ചു.
ശീമക്കൊന്നയിലും
വാകയിലും
തട്ടി തലവെട്ടിക്കളിച്ച്
വെളിച്ചം
സെമിത്തേരിയിലേക്ക്
കയറിപ്പോയി.

നിഴലുകള്‍
ഉറങ്ങിത്തുടങ്ങിയിരുന്നു,
എന്നിലതുവരെ
ഉറഞ്ഞുതുള്ളിയ ഭ്രാന്ത്
കോട്ടുവാ വിടുന്നതുകേട്ട്
ഞാന്‍ വേഗം നടന്നു.

Wednesday 28 August 2013

മയില്‍പ്പീലിയും ചെമ്പരത്തിയും

പണ്ടൊക്കെ
രാധയും മീരയും
കണ്ണനെ
മയില്‍പ്പീലി ചൂടിച്ചു.

ഇന്നൊക്കെ
രാധയും മരിയയും
പാത്തുവും
കണ്ണന്‍മാരെ
ചെമ്പരത്തി ചൂടിക്കുന്നു.

-ജന്മാഷ്ടമി ആശംസകള്‍...!!

Monday 26 August 2013

മരണം, അവളുടെ രക്ഷാകവചം !!

വ്യഭിചാര ചന്തയില്‍
ലേലം വിളികളുയരുകയാണ്.

രണ്ടുലക്ഷം,
പ്രമാണിയുടെ ആദ്യവില !!

കണ്ണീരില്‍ മുഖമലസിനില്‍ക്കുന്ന,
പതിനേഴിലെത്തിയ പെണ്ണിന്
വിലയിടുന്ന ഭര്‍ത്താവ്.

ഇരുപത്തിയഞ്ച് ലക്ഷം !!
പെണ്ണിനെ അമ്മയുടെ
ഗര്‍ഭപാത്രത്തില്‍
നിക്ഷേപിച്ചവന്‍റെ മതിപ്പുവില.

തര്‍ക്കങ്ങള്‍ക്കിടയില്‍
നിന്നോടിയൊളിക്കാനാകാതെ,
ലേല ഘോഷങ്ങള്‍ക്കിടയില്‍
തനിക്കുറച്ച വിലകേട്ട്
അവള്‍ ഉരുകിയൊലിച്ചു.

വിലയുറച്ച പെണ്ണ്...
അവളുറച്ചു, ഈ പതിനേഴില്‍
തന്നെ വില്‍ക്കേണ്ടത്
മരണത്തിന് മാത്രമാണെന്ന്.
അതാണിപ്പോള്‍
തനിക്ക് രക്ഷാകവചമെന്നും !!

Wednesday 21 August 2013

നൂറ്റിയെട്ട്..!! അല്ല.. ചുവപ്പ്..!!

കഴിഞ്ഞുപോയ രാവുകളൊക്കെയും
ഞാനളന്നു നിന്‍റെ ചുംബനങ്ങളാല്‍,
പകലുകള്‍ നിന്‍റെ മൗനം കൊണ്ടും.

നീയന്യയായ രാപ്പകലുകളിന്ന്
കറുപ്പും വെളുപ്പുമായ
ചിലനേരങ്ങള്‍ മാത്രമാണെനിക്ക്,

നൂറ്റിയെട്ട്..!! വെളുത്തയുടുപ്പിലെ
കറുത്തയക്ഷരങ്ങള്‍, നിനക്കുമിഷ്ടം
കറുപ്പും വെളുപ്പുമായിരുന്നോ?

നിണമിറ്റുന്ന വിരലുകള്‍ക്കണ്ട്
ഭയത്തെ പ്രാപിച്ചിരുന്ന നിയെങ്ങനെ
ചോരയിലൊരു മരണമെഴുതി?

മഴവില്ലിനെ നീയിഷ്ടപ്പെടാത്തതിനും
കാരണം, അതിലെ ചുവപ്പായിരുന്നില്ലേ?
എന്നിട്ടും ചുവപ്പിലേക്കെത്തി നീ...

അസ്തമിക്കുന്ന വെയിലിന്‍റെ
ചുവപ്പിനെ കുടിച്ചിറക്കുമ്പോഴുമുള്ളില്‍,
നീയെന്ന നഷ്ടത്തിന്‍റെ ചുവപ്പുമാത്രം!!

Tuesday 20 August 2013

അകലുന്ന ചിലത്... അകലാന്‍ മടിയ്ക്കുന്ന ചിലത്...

ഇനിയെഴുതാനില്ല,
എഴുതിവച്ചയക്ഷരങ്ങളെ
ചെറിയ ചെറിയ
കടലാസ്സുവള്ളങ്ങളാക്കി
തോട്ടിലേക്കിറക്കിവിട്ടു.

ഓളങ്ങളില്‍ തെന്നിനീങ്ങുന്ന
കടലാസ്സുവള്ളങ്ങള്‍...
ഗര്‍ഭച്ഛിദ്രം നടത്തിയ
ക്രൂരയായ അമ്മയെപോലെ
ഞാനവയെ നോക്കി,
അവയെന്നെയും !!

അകലുന്ന ചിലത്...
അകലാന്‍ മടിയ്ക്കുന്ന ചിലത്...
കല്ലുകള്‍ക്കിടയിലൊരു
നീര്‍ക്കോലിയെന്നെനോക്കി
കൊഞ്ഞനം കാണിക്കുന്നു,
പരക്കംപായുന്ന പരലുകള്‍. !!

മഴ,
മാനത്തുനിന്ന്
പൊട്ടിവീണതുതന്നെ !!
തണുത്തൊരു
പടിഞ്ഞാറന്‍കാറ്റെന്നെ
പ്രദക്ഷിണം വയ്ക്കുകയാണ്,
പകല്‍ ചുവക്കാതെ തന്നെ
കറുത്ത് തുടങ്ങി.
ചോദ്യചിഹ്നം തീര്‍ത്ത്
അകലാന്‍ മടിച്ചൊരു
അക്ഷരവള്ളം കാലിനെ
തൊട്ടുനിന്നു,
നിവര്‍ത്തുനോക്കിയ
കൊച്ചുവള്ളത്തില്‍
വെളുപ്പിലെ നീലയക്ഷരങ്ങള്‍ !!

ആദ്യത്തെയെഴുത്ത്,
വാക്കുകളുടെ വക്കില്‍
പ്രാണന്‍ വെടിഞ്ഞ കവിത.
നിന്നെക്കുറിച്ച്,
നീയാണതില്‍ മുഴുവന്‍ !!
കാലടിയില്‍ കിടത്താനൊരു
ഫ്യൂഡല്‍ മാടമ്പിയല്ല ഞാന്‍,
അകലാന്‍ മടിക്കുന്ന
നീ ഇനിയെങ്കിലുമെന്‍റെ
ഹൃദയത്തിന്‍റെ
ഉമ്മറത്തേക്ക് വരണം...

Sunday 18 August 2013

അമ്മയ്ക്ക് കൂട്ടിന്

വിഷം, ഞാന്‍
കുടിച്ച കള്ളിലായിരുന്നില്ലമ്മേ,
കെട്ടിയ പെണ്ണിന്‍റെ
ഉള്ളിലായിരുന്നില്ലേ?

ചുടലയിലൊരു വീതം
അവള്‍ക്കും കൊടുക്കു
-മെങ്കിലമ്മയ്ക്ക് കൂട്ടിനായവളെ
ഞാനയക്കാമമ്മേ...

ഇവളെയമ്മയ്ക്ക്
നാളെ കൂട്ടിനയയ്ക്കാം,
എനിക്ക് കൂട്ടിന് ഷാപ്പിലെ
രമണിയുണ്ടമ്മേ...

ഇന്നവളവിടെ
അയല വറുക്കുന്നുണ്ടമ്മേ,
ആ കൈപ്പുണ്യോം സ്വാദും
അമ്മയ്ക്കറിയണതല്ലേ?

മൂധേവിയെങ്കിലും,
അത്താഴത്തിന്
ചാരിനിന്നുവിളമ്പുമ്പോള്‍
വല്യേ സ്നേഹമാണമ്മേ...

ന്നാലും ജോലിയ്ക്ക്
പോകുന്നില്ലെന്നു നിത്യേന
അമ്മേട മകനെ
പ്രാകുകയാണമ്മേ...

അയലയുംകൂട്ടിയുണ്ട്,
അവളെ കെട്ടിപ്പിടിച്ചുറങ്ങീട്ട്
നാളെയയമ്മയ്ക്ക് കൂട്ടിനായവളെ
ഞാനയയ്ക്കാമമ്മേ...

ഞാന്‍ ഫിറ്റായതല്ലമ്മേ,
അന്തിക്കള്ളില് പൊടിചേര്‍ത്ത്
ഷാപ്പിലെ രാരിച്ചനെന്നെ
പറ്റിച്ചതാണമ്മേ...

രമണി പാവമാണമ്മേ,
കെട്ടിയവന്‍ കൊലക്കേസില്‍
ജയിലിലും !! പാവം
ഒറ്റയ്ക്കാണമ്മേയവള്‍.

രമണിയെ കൂടെക്കൂട്ടാന്‍
മൂധേവി ഭാര്യയെന്നെ
സമ്മതിക്കുന്നില്ല, പകര
-മവളെയമ്മയ്ക്ക് തരുന്നമ്മേ...

അമ്മയ്ക്ക്
പോരിനും കൂട്ടിനും
ഈ മരുമകളിലും മെച്ചമായൊന്ന്
വേറെയുണ്ടോയീ കരയിലമ്മേ?

Friday 16 August 2013

നിനക്കിന്നും പഴകിയ ബിരിയാണിയുടെ മണം

രക്തത്തില്‍
പൊതിഞ്ഞതെങ്കിലും
ചവറ്റകുട്ടയില്‍
നിന്നുകിട്ടിയ നിനക്കന്ന്
പഴകിയ ബിരിയാണിയുടെ
മണമായിരുന്നു.

ഇന്നലെ,
നീയെനിക്കായ് കൊണ്ടുവന്ന
ചോറിന് ചുടുചോരയുടെ
ഗന്ധമെന്നറിഞ്ഞ്
വേദനിച്ചു ഞാന്‍.

എന്നെത്തൊടരുത്‌...
നിനക്കും നിന്‍റെ സ്നേഹത്തിനും
മരണത്തിന്‍റെ ഗന്ധമാണ്,
ഭയമാണമ്മയ്ക്കതും
നിന്നെയും.

നീയെനിക്ക് ചുരുട്ടിനീട്ടിയ
ചുവന്ന നോട്ടുകളെന്‍റെ
തലയിണക്കീഴില്‍,
കരച്ചില്‍ചീളുകളായെന്നെ
അസ്വസ്ഥയാക്കുന്നു.

നീയെന്നെ ഒളിച്ച
ചുരികത്തലപ്പിലൂറിയ ചോര
-ക്കറയില്‍ നേടിയത്,
അന്നമാണെങ്കിലെനിക്കത്
വേണ്ട മക്കളേ...

ഇന്ന്, രക്തത്തില്‍
പൊതിഞ്ഞതെങ്കിലും
റോഡരികിലെ ഓടയില്‍
നിനക്ക് വീണ്ടുമാ പഴകിയ
ബിരിയാണിയുടെ മണം.

Tuesday 13 August 2013

കട്ടന്‍ചായ !!

എടീ പെണ്ണേ...
നീ പറയാറില്ലേ, നിന്‍റെ
രാവിലേകള്‍
ചൂടുള്ള കട്ടന്‍ചായയിലാണ്
തുടങ്ങുകയെന്ന്.

പതിയെ
പടിപ്പുര കയറിവരുന്ന
പകലിനെ നോക്കി,
മുറ്റമടിക്കുന്ന ജന്വേച്ചിയെയും
മുറ്റത്ത് കസര്‍ത്ത്
കാണിക്കുന്നതിനിടെ
ജാന്വേച്ചിയുടെ
പിന്നാമ്പുറവും ഉമ്മറവും
നോക്കി വിയര്‍ക്കുന്ന
നിന്‍റപ്പൂപ്പനെയും നോക്കി,
മുകപ്പിലിരുന്ന്
ചായയുടെ ചൂടിനെ
ഊതിയൂതിക്കുടിക്കുകയാണെന്ന്.

രാവിലെത്തെയാ
കട്ടന്‍ചായയുടെ
സ്വാദിനെക്കുറിച്ച്
നീ പറയുമ്പോഴൊക്കെയും
കൊതി തോന്നാറുണ്ടെനിക്ക്.
ഞാന്‍ രാവിലെ
ഇതുപോലെയൊരു
കട്ടന്‍ചായ കുടിച്ചിട്ട്
നാളെത്രയായെന്നോ?
ഇവിടെയെത്തിയതിനുശേഷമാ
പതിവ് മറന്നിരിക്കുന്നു.

ചൂടുള്ള കട്ടന്‍ചായയുമായ്
മുറ്റത്തൂടെ നടന്ന്,
വല്യേവരമ്പിലൂടെ
അമ്പലത്തിലേക്ക് പോകുന്ന
പെണ്‍കുട്ടികളെയും നോക്കി
തൊടിയിലേക്ക്‌ കയറും.
ചീരയ്ക്കിടയിലെ
കളപറിക്കുന്നതിനിടെ
വടക്കേപ്പുറത്തെ
രമണ്യേച്ചീടെ മോള്‍ ദിവ്യ...
മുറ്റമടിക്കുന്നതിനിടയില്‍
അവളെന്നെനോക്കിയൊന്ന്
ചിരിക്കും.
തലചെരിച്ചുള്ള അവളുടെ
ചിരിക്ക് നല്ല ഭംഗിയാ,
അങ്ങനെ ആ കട്ടന്‍ചായ കുടിക്കുന്ന
സുഖം മറന്നിരിയ്ക്കുന്നു.

എടീ പെണ്ണേ...
ഇന്നെനിക്കും നിന്നെപ്പോലെ
ഉദയസൂര്യന്‍റെയാ ചുവപ്പിനെ
കുടിച്ചിറക്കണം.
ബാല്‍ക്കണിയിലിരുന്ന്
കട്ടന്‍ചായ ഊതിയൂതി
-ക്കുടിക്കുമ്പോള്‍ ആരെനോക്കും?
അപ്പുത്തെ ഫ്ലാറ്റിലെ
റാവുവിന്‍റെ ഭാര്യ?
അമ്പതുകഴിഞ്ഞ അവരല്ലാതെ
വേറെയാര്? ങാ...
ആരെയെങ്കിലും കിട്ടാതിരിക്കില്ല..

Saturday 10 August 2013

അവളുടെ വില

നീയവളുടെ
ഭിക്ഷാപാത്രത്തിലേക്കെറിഞ്ഞ
ഒറ്റനാണയം
അതവളുടെ വിശപ്പിന്‍റെ വിലയോ?

നിന്‍റെ മുഖത്തെ
പുച്ഛത്തിന്‍റെ ചുളിവുകള്‍
പറയുന്നു; നീയവള്‍ക്ക്
നേരെയെറിഞ്ഞ ആ ഒറ്റനാണയം
അവളുടെ വിലയായാണെന്ന്.

Thursday 8 August 2013

പ്രണയത്തിന്‍റെ ആത്മാവ്

നിരാശയുടെ കറുപ്പിനുള്ളില്‍
ശ്വാസമെടുക്കാനാവാതെ ഞാന്‍,
പാളങ്ങളിലുരഞ്ഞുനീങ്ങിയ
ട്രെയിനുമെന്നെ അസ്വസ്ഥനാക്കി.

അക്ഷരങ്ങള്‍ സംവേദിക്കുന്ന 
പുസ്തകത്തില്‍ കണ്ണുകളുഴറി,
ചിന്തകളെന്നില്‍ നിന്നടര്‍ന്ന്
പടിപ്പുരയ്ക്കു പുറത്തേക്ക്..

കണ്മുന്നിലോടിമറഞ്ഞ നിഴലുകള്‍
പോയകാലങ്ങളെ ഓര്‍മ്മപ്പെടുത്തി.
മുറിയുടെ വടക്കേമൂലയിലെ
തകരപ്പെട്ടിയില്‍ കണ്ണുകളുടക്കി.

തുരുമ്പിച്ച ഓര്‍മ്മളെ കുത്തിനിറച്ച
തകരപ്പെട്ടിയില്‍ പൊടിപിടിച്ച 
പ്രണയത്തിന്‍റെ തുണ്ട്,
അതെന്നെ നോക്കി ചിരിയ്ക്കുന്നു;
പരിഹാസത്തിന്‍റെ ചുവയുള്ള ചിരി !!

മനസ്സിന്‍റെ പ്രത്യക്ഷമായ മാറാല
-യ്ക്കപ്പുറത്ത് അവ്യക്തമായൊന്ന്
പരിഹസിച്ചുചിരിക്കുന്നുണ്ട്,
എന്‍റെ പ്രണയത്തിന്‍റെ ആത്മാവ്.
അതെന്നെനോക്കി
ഉറക്കെചിരിക്കുകയാണ്..!!

Tuesday 6 August 2013

മടക്കിയ കവിതകള്‍..!!

"പോസ്റ്റുമാന്‍ കൊണ്ടുതന്നായിരം 
കത്തുകളൊക്കെയും
(വാരികകളില്‍നിന്ന് 
മടക്കിയ കവിതകളെല്ലാം)
നീ തന്നതാണെന്ന് 
കരുതിവായിക്കയാണ് ഞാന്‍..."

Friday 2 August 2013

മഴ തോല്ക്കുന്നു !!

അലറിപ്പെയ്യുന്ന മഴയേ..
അലറിക്കരഞ്ഞുകൊണ്ട്,
മിഴികളില്‍ ഒരു വര്‍ഷവും നിറച്ച്
നിന്നെ തോല്പ്പിക്കുകയാണ്
ഇവിടെ ഒരുവള്‍ !!

Sunday 23 June 2013

വരാലും നീ, മത്തിയുടെ മുള്ളും നീ !!

അന്ന് നീ,
വാരിയെടുത്തപ്പോള്‍
വരാലുപോലെ കയ്യില്‍നിന്ന് 
വഴുതിമാറിയവള്‍ !!

ഇന്ന് നീ,
മത്തിമുള്ളുപോലെന്‍റെ 
ചങ്കില്‍ അസ്വസ്ഥമായ
ഒരോര്‍മ്മയായവള്‍ !!

Wednesday 19 June 2013

പ്രണയം നിന്നിലേയ്ക്കുരുട്ടുന്ന ഭ്രാന്തനാകാം ഞാന്‍...

പെണ്ണേ,
നിന്നെ പ്രണയിക്കുകയെന്നത്,
നാറാണത്ത് ഭ്രാന്തന്‍
മലയിലേയ്ക്ക്
കല്ലുരുട്ടിക്കയറ്റുന്നതുപോലെയാണ്.

പ്രണയമെന്ന കല്ലിനെ
നിര്‍ദ്ദയം തിരികെത്തള്ളിയിടുന്ന
നീയതിന് കല്‍പ്പിക്കുന്നത്
നിമിഷത്തോളം ആയുസ്സാണ്.
പ്രണയത്തെ
നിന്നിലേക്കുരുട്ടിക്കയറ്റുന്ന ഞാന്‍,
നാറാണത്ത് ഭ്രാന്തനേക്കാള്‍
വലിയ ഭ്രാന്തനാകാം
പ്രണയമുരുട്ടിക്കയറ്റിത്തളരുന്ന
-യെനിക്കുമുന്‍പില്‍
പൊട്ടിച്ചിരിയ്ക്കുന്ന നീയോ,
ശൂര്‍പ്പണകയേക്കാള്‍ രാക്ഷസിയും.

നീ തിരികെത്തള്ളിയിടുന്ന
കല്ലെന്‍റെ ഹൃദയത്തിലേക്കുവരുന്നത്
രാകിമുനുക്കിയെടുത്തൊരു
കത്തിയുടെ മൂര്‍ച്ചയോടെയാണെന്നും
ചോരയിട്ടുവീഴുന്ന മുറിവെനിക്ക്
തരികയാണെന്നും നീയറിയുന്നില്ല.

കഴ്വേര്‍ടെമോളെ,
കരണക്കുറ്റിയ്ക്കിട്ടൊരെണ്ണം
പൊട്ടിയ്ക്കാതെ പിന്നേയ്ക്കുവച്ചതും,
വായിലൂറിയ തെറികളെയൊക്കെ
കടിച്ചിറക്കിയതും
നാളെ നീയെന്‍റേതാകുമെന്ന്
കരുതിത്തന്നെയാ,
പലിശയും ചേര്‍ത്തുതരുമന്ന്...

നീയെന്‍റേതാകുംവരെ,
എന്‍റെ ഹൃദയത്തിലാഴത്തിലേറ്റ
മുറിവുകളിലൊക്കെയും ചുംബനങ്ങളാല്‍
മരുന്നിറ്റിക്കാനെത്തുന്നതുവരെയും
ഞാന്‍ പ്രണയം
നിന്നിലേയ്ക്കുരുട്ടിക്കയറ്റുന്ന
ഭ്രാന്തനാകാം.

Monday 27 May 2013

അതുകൊണ്ടെന്‍റെ പ്രണയമൊരു മണ്ണാങ്കട്ടയല്ല !!

ആരൊക്കെയോ പറഞ്ഞു,
പ്രണയമൊരു
മണ്ണാങ്കട്ടയാണെന്ന് !!

തൊടിയിലെ/വയലിലെ
മണ്ണാങ്കട്ടയെടുത്ത് നോക്കി,
കയ്യിലുറയ്ക്കാതെ നിലത്തേക്ക്
പൊടിഞ്ഞുചിതറിയത്;
പൊടിഞ്ഞുചിതറിയിട്ടില്ലെന്‍റെ
പ്രണയമതുപോലെ.
അതുകൊണ്ടെന്‍റെ
പ്രണയമൊരു മണ്ണാങ്കട്ടയല്ല !!

പൊടിഞ്ഞുമണ്ണായതിന്
കണ്ണീരിന്‍റെ നനവുണ്ടെങ്കിലും
ഉപ്പിന്‍റെ രുചിയില്ല,
അതുകൊണ്ടെന്‍റെ
പ്രണയമൊരു മണ്ണാങ്കട്ടയല്ല !!

വികാരവിക്ഷോപങ്ങളെ
കുത്തിനിറയ്ക്കാനുള്ള വലിപ്പമില്ലതിന്.
എന്നിലേക്ക് വികാരങ്ങളെ
വച്ചുനീട്ടാനും കഴിയില്ലതിന്.
അതുകൊണ്ടെന്‍റെ
പ്രണയമൊരു മണ്ണാങ്കട്ടയല്ല !!

മേലിലാരും പറയരുത്,
പ്രണയമൊരു മണ്ണാങ്കട്ടയാണെന്ന്.
പ്രണയം പ്രണയവും
മണ്ണാങ്കട്ട മണ്ണാങ്കട്ടയുമാണ്‌..!!