Monday 27 October 2014

എനിക്ക് കവിതയെഴുതാനറിയില്ല..!!

ഇന്ന് അരിമ്പൂര്‍ പള്ളിയില്‍
ജിന്‍സി ചേച്ചിയുടെ അനിയന്റെ മിന്നുകെട്ട്..!!

മുറിക്കൈയ്യന്‍ ഷര്‍ട്ടിട്ട സഹമുറിയന്‍
ബൈക്ക്  റൈസ് ചെയ്ത്
തിരക്കിനെത്തള്ളി.
പിന്‍സീറ്റിലേക്ക് കയറാനായി
ഉയര്‍ത്തിയ കാലിന്റെ ഇടയില്‍നിന്നുകേട്ട
ജീന്‍സ് കീറിയതുപോലുള്ള
ശബ്ദത്തിലേക്ക് കുനിഞ്ഞ
കണ്ണുകള്‍ക്ക് മുന്നിലൂടെ
അപ്പുറത്തെ രാധേച്ചിയുടെ പശുക്കള്‍
തലകീഴായി നടന്നുവന്നു.
രാധേച്ചിയുടെ ചിരി കണ്ണുകളിലെ
വെയിലിലേക്ക് മഞ്ഞുതുള്ളിയിറ്റിച്ചുതന്നു.

കിഴക്കുനിന്നു ഉച്ചിയിലേക്ക് നടക്കുന്ന
പകല്‍നിഴലുകളുടെ
നേരം വൈകിയെന്ന പറച്ചിലിനെ
സഹമുറിയനും ചവച്ചുതുപ്പി.
മിന്നുകെട്ടിന്റെ കോഴിക്കറിയിലേക്ക്
വിശപ്പിന്റെ ശബ്ദത്തോടെ
ബൈക്ക് കുതിയ്ക്കുമ്പോള്‍,
നാറുന്ന വെയില്‍ക്കാറ്റ് മുഖത്തേക്ക്
ഒരു ചിന്തയെ തുപ്പിയിട്ടു.

ഒരു കവിതയെഴുതിയാലോ?
കവിതയെഴുതാന്‍ എനിക്കറിയോ??
ക്രാഫ്റ്റുകളും ബിംബങ്ങളും
കവിതകള്‍ക്കിടയില്‍ക്കാണിക്കുന്ന
വൈരുദ്ധ്യഭംഗിയെ അറിയില്ല.
വായിച്ച കവിതകള്‍ പോലെയൊന്ന്,
അതെഴുതാനുള്ള ചിന്തയെ
ഫൂട്ട്പാത്തിലെ ഓടയില്‍ വില്‍പനയ്ക്കായി
നിരത്തിവച്ചിട്ടുണ്ടോയെന്ന്
കണ്ണുകള്‍ പരതി.

എന്തെഴുതണം?
പോകുന്ന കല്യാണത്തിന് കാണുന്ന
വയലറ്റ് നിറമുള്ള ചുരിദാറിട്ട
മെലിഞ്ഞമുഖമുള്ള സുന്ദരിയുടെ മൂക്കുത്തിയെക്കുറിച്ച്??
മുഴുപ്പുകളെ മുറുകെപ്പിടിച്ചോടിവരുന്ന,
ബസ്സിന്റെ മുന്‍വാതിലിലെ
കിളിയുടെ ലിംഗമുയര്‍ക്കുന്ന കാമിനിയുടെ
മുന്‍കാമുകന്‍ ഞാനാണെന്ന
സങ്കല്‍പ്പത്തിലുള്ള ഒരു പ്രണയം??
ഛായ്..!!

ഇങ്ങനെയോക്കെയാണോ കവിയെഴുതുക?
സാമൂഹത്തിലെ അനീതിയ്ക്കെതിരെ പടവാളാകുന്ന പേനകൊണ്ട്
പ്രധിഷേധമുളള കവിതയെഴുതണം.

വഴിയിലെ ആല്‍മരത്തിനുതാഴെ
പെണ്‍കുട്ടികള്‍ കയറി നില്‍ക്കുന്നതുകൊണ്ട്
നാണത്തില്‍ വിയര്‍ക്കുന്ന ബസ്സ് സ്റ്റോപ്പിനടുത്ത്
സുന്ദരിയായ ഭാര്യയോട്,
നരച്ച ഹൃദയമുള്ളവനായ ഭര്‍ത്താവ് കയര്‍ക്കുന്നു.
അവര്‍ക്ക് നടുവില്‍
നാലുവയസ്സുകാരിയായ മകള്‍
സമാധാനത്തിന്റെ മാലാഖയാകുന്നു.

കവിതയുടെ ചിറകുകരിഞ്ഞ മനസ്സ്,
അസ്വസ്ഥതയുടെ കണ്ണുകള്‍ നിരത്തിനിരു വശത്തും
ലംബ-തിരശ്ചീന രേഖകള്‍ വരച്ചു.
ഇടതുവശത്ത് പഴഞ്ചന്‍  ഭംഗിയോടെ നില്‍ക്കുന്ന
ഭീമന്‍വീടിനെ, വീട്ടിലെ പഴയ ടിവിയില്‍
നായകനായി കണ്ടതോര്‍ത്തു.
പള്ളിയിലെ തിരക്കുകള്‍ക്കിടയില്‍ കവിതയെത്തിരഞ്ഞ
കണ്ണുകള്‍ക്ക് നിരാശയുടെ പുളിപ്പുനിറഞ്ഞു.

കോഴിക്കറിയിലെ എരിവ്...
മീന്‍കറിയിലെ പുളി...
അന്നത്തിന് കടപ്പാട് ദൈവത്തിന് ചേര്‍ത്തു.
മടക്കയാത്രയില്‍
എഴുതാനൊരു കവിതയില്ലാത്ത
മനസ്സിനോട് ദേഷ്യം കയ്ച്ചു.
സഹമുറിയന്റെയേതോ അഭിപ്രായത്തിന്
വലിയൊരു  വട്ടപ്പൂജ്യം വിലനിശ്ചയിച്ചു; അവഗണിച്ചു.
വെയില്‍നാറുന്ന പകലിന് നടുവിലൂടെ
ഉച്ചത്തില്‍ ചൂളംവിളിയോടെ കടന്നുപോയ തീവണ്ടി,
അതിലെ ഇരിപ്പിടങ്ങളില്ലാത്ത യാത്രക്കാരായി
ഒരു യുവതിയും ഞാനും,
കണ്ണുകള്‍മാത്രം സംവേധിക്കുന്ന ലോകത്ത്
പ്രണയ ബദ്ധരാണ് ഞങ്ങള്‍ !!

ചിന്തകള്‍ മുറിഞ്ഞു ചോരയൊലിപ്പിക്കുമ്പോള്‍,
ബൈക്ക് പെട്ടന്ന് നിശ്ചയിച്ചുറപ്പിച്ച പോലെ
ഒരു കടയുടെ മുന്‍പില്‍ ഉരഞ്ഞുനിന്നു,
അരിയും പരിപ്പും പപ്പടവും വാങ്ങി; വീട്ടിലെത്തി,
ആലോചിച്ചുകൂട്ടിയ ചിന്തകളെ
പകര്‍ത്താനായെടുത്ത കടലാസ്സില്‍ ഇങ്ങനെയെഴുതി,
"എനിക്ക് കവിതയെഴുതാനറിയില്ല."

-വിനീത് വിജയ്