Thursday 1 January 2015

മാറ്റിത്തൂക്കുന്ന ദിവസങ്ങള്‍

കണ്ണീരിലേക്ക്
മനസ്സിനെ മടക്കിവച്ച്
ഇരുട്ടിലെന്നോ കളഞ്ഞുപോയൊരു
ഇന്നലെയെ തിരയാം,

ഇന്നലെ
മഞ്ചാടിപെറുക്കിയ ഇടവഴിയില്‍,
അല്ലെങ്കില്‍ പുഴക്കരയില്‍,
അതോ... വേനല്‍ക്കരയില്‍ പന്തുകളിയ്ക്കുമ്പോഴോ,
വീണുപോയൊരു ചിരിയെ
ചുണ്ടുകളിലേയ്ക്ക് കടം വാങ്ങിയ്ക്കാം.

കഴുകിക്കമിഴ്ത്തിയ പാത്രത്തില്‍
പറ്റിപ്പിടിച്ചിരിയ്ക്കുന്ന ചീരയിലപോലെ
ഇന്നലെകള്‍ പറ്റിപ്പിടിച്ചിരിയ്ക്കുമ്പോള്‍
ഇന്നും നാളെയും പുതിയതാകുന്നതെങ്ങനെ?
തുടരുകയാണ് പകലുമിരുട്ടും.

എണ്ണിയൊഴിഞ്ഞ,ദിവസങ്ങള്‍ തീര്‍ന്ന
ചുമരിലെ ആണിയില്‍ തൂങ്ങുന്ന മഞ്ഞച്ച കലണ്ടര്‍,
പത്രത്തിന്റെ...
പാലിന്റെ...
ഗ്യാസ് മാറ്റിനിറച്ച ദിവസം...
പിന്നെ,
വേറെയെന്തോക്കെയോ കണക്കുകളും,
ചില ഓര്‍മ്മപ്പെടുത്തലുകളുമായി;
ചുമരിലെ കരിപിടിയ്ക്കാത്ത
ചതുരത്തിനെ മറച്ചുകൊണ്ട്
പുതിയതൊന്ന്‌ തൂക്കുന്നു, അത്രമാത്രം.