Friday, 10 November 2017

ഒറ്റപ്പെടുകയെന്നത്;

ഒറ്റപ്പെടുകയെന്നത്;
ജീവിതത്തിലെ സ്വാതന്ത്ര്യ സ്വപ്നങ്ങളുടെ
ദീര്‍ഘ വിശാലതയാണെന്ന്
ഉറപ്പിക്കാന്‍ ഇപ്പൊ കഴിയുന്നുണ്ട് !!

Monday, 23 October 2017

വിവേചനം (ഇന്നിലേക്ക് ചിന്ത്യപ്പെടുത്തുന്നത്)

സ്ത്രീപുരുഷന്‍,
വിവേചനങ്ങളില്‍ ആദ്യത്തേതെങ്കില്‍
ജാതിമതം,
രണ്ടാമത്തേതും മൂന്നാമത്തേതുമാണ്.

പെണ്ണെഴുത്ത് ആണെഴുത്ത്,
സൈബര്‍ വിവേചനം.

തെറിച്ച മുലകളിലും
കാലുകള്‍ക്കിടയിലെ തുരങ്കത്തിലും
ഉണങ്ങിപ്പിടിച്ച കവിത;
ഇന്നലെയത് ലിംഗവിശപ്പായിരുന്നു !!

ജാതി ഭ്രഷ്ട് മീശയ്ക്കു പോലുമുണ്ട്,
ചോരചിന്തി ചത്തത്
നിന്റെ സോദരനാണ് സുഹൃത്തേ...
(നീകണ്ട രക്തമൊക്കെ അവളുടെ തുരങ്കത്തിലേത്)

വിശപ്പിന്റെ മരണമെനിക്ക്
കൂട്ടിക്കൂട്ടി തെറ്റിയ കണക്കാണ്.

അവളുടെ തുരങ്കത്തിലേക്ക് മാത്രം
തുലയ്ക്കപ്പെടുന്നുണ്ട് നിന്റെ കാഴ്ച്ചകള്‍..!!

ഞാന്‍... നീ... അല്ലെങ്കില്‍ നമ്മള്‍,
അന്യപ്പെടുന്നുണ്ടൊരുപാട്
സമത്വത്തിന്റെ വിവേചനത്തിലേക്ക് !!

Wednesday, 11 October 2017

തെരിയപ്പെടുത്തേണ്ടുന്നതല്ലാത്ത ഞാന്‍...

അന്വേഷിക്കപ്പെടാതിരിക്കുക !!

മരണപ്പെട്ടെന്ന
സ്വയപ്രഖ്യാപനത്തിലൂടെ ഞാന്‍
കണ്ണുകളില്‍ നിന്നും
ചെവികളില്‍ നിന്നും
മൂക്കുകളില്‍ നിന്നും ഓടിയൊളിക്കുന്നു.

(ആ ചുവന്ന പൂവിനെ തൊണ്ടിമുതലാക്കാതിരിക്കുക)

ഉണ്ടാകില്ലെന്ന് നീ !!
ഉണ്ടാകരുതെന്ന് ഞാന്‍ !!

Thursday, 21 September 2017

ഞാനിപ്പോള്‍...

നീ
ചുംബിച്ചുപൊള്ളിച്ചതിനുമപ്പുറം,
മരണപ്പെട്ടതുപോലെ
തണുത്തുറയുന്ന ഞാന്‍ !!

Friday, 28 July 2017

ഭ്രാന്തുകള്‍ പൂക്കുന്ന ഉപ്പുമരങ്ങള്‍.......

പ്രണയത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍
> മാരകമായ നിന്റെ നോട്ടം
> ആകാശവിസ്തൃതിയുള്ള പ്രണയം
> കിതപ്പാറാത്ത രാത്രി
> അതിശൈത്യമുള്ള നിന്റെ ഒച്ചയനക്കങ്ങള്‍;

അല്ല... ഒരു നനഞ്ഞ ചുംബനം !!

Sunday, 9 July 2017

ഭ്രാന്തുപിടിച്ച മഴ

ഓര്‍മ്മകളുടെ കാട്ടുപച്ചയില്‍ ഭ്രാന്തുപിടിച്ച മഴയാണ്.
വേവാത്ത വിറക് !
കത്താത്ത ചോറ് !!
വിശപ്പിന്റെ സ്വപ്നത്തിലെ
വലിയ ദ്വാരത്തിലൂടെ തലനീട്ടിയ ദാരിദ്ര്യം.
ഹോ..!! കല്ലുവച്ച നുണയെന്ന് നീ വിളിച്ചുപറഞ്ഞേക്കാം,
പച്ചയായ സത്യത്തെയാരോ
കഴുകിയലക്കി വെളുപ്പിച്ചിരിയ്ക്കുകയാണ്.
അല്ലെങ്കില്‍,
പകലുകളില്‍ ഒളിച്ചിരിക്കുകയും
രാത്രിയില്‍ വെളുത്തയുടുപ്പിട്ട്
യക്ഷിയെ അനുകരിക്കുകയുമാണ്.

ഹഹഹ... ഭ്രാന്തെന്ന് ഉറക്കെയുറക്കെച്ചിരിച്ച്
നീ നടന്നുപോയി.

ശരിയാണ് സുഹൃത്തേ,
ഈ ഭ്രാന്തെങ്കിലും ഇല്ലായിരുന്നെങ്കില്‍
നിങ്ങളുടെ
ശരി
നന്മ
സത്യം
അതെല്ലാമെന്നെ
ജീവനോടെ തിന്നുകളഞ്ഞേനെ.
അതുമല്ലെങ്കില്‍,
അതൊക്കെയും നിറഞ്ഞ വായുവില്‍
ഒക്‌സിജന്‍ വേര്‍ത്തിരിച്ചറിയാതെ മറ്റെന്തോ ശ്വസിച്ച്
ഞാന്‍ ചത്തുപോയേനെ !! :/ :/ ...

Sunday, 2 July 2017

രണ്ടു പേര്‍

മനസ്സിന്റെ അകത്തളത്തിലെ
അധികം നീളമില്ലാത്ത ആ ചവിട്ടുപടിയില്‍
പ്രണയതീവ്രരാകുന്ന രണ്ടു പേര്‍,
നീയില്ലായ്മയും നിശബ്ദതയും !!