Thursday 17 December 2015

പിന്നെയും കുറെ പിന്നെ

ചിന്തകളെ
വേനല്‍വരണ്ട പകലുണക്കുമ്പോള്‍
നിമിഷവേഗത്തില്‍
ആര്‍ത്തലച്ചുപെയ്തുതോര്‍ന്ന
മഴയോര്‍മ്മിപ്പിച്ചത്.

എന്നോട് ചോദിക്കാതിറങ്ങിപ്പോയ പകലുകളില്‍
ഞാന്‍ പ്രണയത്തെ
ദത്തെടുത്തിരുന്നുവെന്നും
അതിനെക്കുറിച്ച് ആവലാതിപ്പെട്ടിരുന്നെന്നും
വേനല്‍ പൊള്ളിച്ചുവന്ന വൈകുന്നേരത്തില്‍
കുന്നിന്‍മുകളില്‍ മഴക്കാടുകളെ കാത്തിരുന്നെന്നും
വിളക്കെണ്ണ തീര്‍ന്നുറങ്ങുന്ന രാത്രികളില്‍
ഞാന്‍ സ്വപ്നംകണ്ട് ചിരിച്ചിരുന്നെന്നും
പറഞ്ഞത്രേ !!

നുണ, കല്ലുവച്ച നുണ !!

വെയിലാടിക്കുന്നില്‍ മഴയൊടിച്ച്
ആലിപ്പഴം തിളപ്പിച്ചു കഞ്ഞിയുണ്ടാക്കണ
ഭൂതത്തെ കണ്ടുചിരിച്ചതും,
പിന്നെ... ഓര്‍ത്തോര്‍ത്തു ചിരിച്ചതും
രാത്രിയായിരുന്നില്ല..!!
അല്ലെങ്കിലുമത് പിന്നെയായിരുന്നു.
ഇതൊക്കെ കഴിഞ്ഞ് പിന്നെ !!

മഴയുണങ്ങിയതില്‍ പിന്നെ...
വെയിലുവറ്റിയതില്‍ പിന്നെ...
അമ്പലക്കുളത്തിലവളുറങ്ങിപ്പോയതില്‍ പിന്നെ...
അവളൊരിക്കലും ഉണരില്ലെന്നറിഞ്ഞതില്‍ പിന്നെ...
ഒരുപാട് പിന്നെ..!!

1 comment:

  1. ഹൃദ്യമായ അവതരണം.

    ചിന്തകളെ
    വേനല്‍വരണ്ട പകലുണക്കുമ്പോള്‍
    നിമിഷവേഗത്തില്‍
    ആര്‍ത്തലച്ചുപെയ്തുതോര്‍ന്ന
    മഴയോര്‍മ്മിപ്പിച്ചത്...

    ഇത്‌ രണ്ടാമതായി വന്നാൽ മതിയായിരുന്നെന്ന് തോന്നി.

    കഞ്ഞിയുണ്ടാക്കണത്‌ എന്നത്‌ ചേരില്ല..



    ഇനിയും കാണാം.

    ReplyDelete