Sunday 27 December 2015

മനുഷ്യന് പേരില്ലാത്ത രാജ്യം

ഞാനൊരു സ്വപ്‌നം കാണുന്നു,
മനുഷ്യന് പേരില്ലാത്ത രാജ്യത്ത്
ഞാന്‍ അഥിതിയായെത്തുന്നു,

അറവുശാലകളില്‍ കശാപ്പുചെയ്യുന്നത് മനുഷ്യനെയാണ്,
കുടിനീരായി നല്‍കുന്നത് മനുഷ്യന്റെ ചോരയാണ്.

മനുഷ്യനെ പൂട്ടിയ വേനല്‍ കലപ്പകള്‍ നിലമുഴുന്നു.
പെരില്ലാതൊരു മനുഷ്യന്‍ നഗ്‌നനായി തെരുവിലൂടെ അലയുന്നു.
(നായയുടേതുപോലെയെന്ന് പറയാമോ?)

കിണറ്റില്‍നിന്ന് വെള്ളം കോരുന്ന എരുമ
ഉച്ചത്തില്‍ കലഹിയ്ക്കുന്നില്ല.
ലോട്ടറി വില്‍ക്കുന്ന പൂച്ച
വൈകല്യമുള്ള പെണ്ണാണ്.
ഉറങ്ങിത്തൂങ്ങുന്ന കോഴി
വയസാനായൊരു ഭിക്ഷക്കാരനാണ് !!
(എന്‍ഡോസള്‍ഫാന്‍ ബാധിച്ചതായിരിക്കില്ല)

മദ്യം... പുകയില...
ഇവയൊന്നും വില്പനയ്ക്ക് വച്ചിരുന്നില്ല.
ടെലിവിഷനുകള്‍ കരയുന്നില്ല,
അവ തുടര്‍ച്ചയായി സംഗീതം പൊഴിക്കുകയാണ്.

മനുഷ്യന് പേരില്ലാത്ത രാജ്യം.
മനുഷ്യന്റെ ചെയ്തികള്‍ മുഗങ്ങളുടേതാണ്.
മൃഗങ്ങളുടേത് മനുഷ്യന്റേയും.
തെരുവുകളിലും ഇടവഴികളിലും
മനുഷ്യന്‍ ഇണചേരുന്നു.

അമ്പലങ്ങളില്‍ നിന്ന്
ദൈവം പുറത്താക്കാപ്പെട്ടിരിയ്ക്കുന്നു.
പള്ളികളില്‍ സ്വയം തിരയുന്നു.
അന്ത്യകൂദാശയോ അടിയന്തിരമോ ഇല്ലാതെ
മരണപ്പെട്ട മനുഷ്യന്‍ കുഴിച്ചുമൂടപ്പെടുന്നു.
പുഴക്കരയില്‍ ഒരു പോത്തിന്റെ മരണചടങ്ങുകള്‍ നടക്കുന്നു.
കാര്‍മ്മികന്‍ ചുവന്ന കണ്ണുകളുള്ളൊരു പ്രാവാണ്.

സ്വപ്നത്തില്‍ എനിക്ക് ദാഹിച്ചുതുടങ്ങുമ്പോള്‍
മനുഷ്യന്റെ ചോര നീട്ടുന്ന കൈകള്‍ ആരുടേതെന്നറിയാതെ,
എനിക്ക് പിന്നേയും ദാഹിക്കുകയും
വല്ലാതെ വിശക്കുകയും
ഞാന്‍ ഉറക്കത്തില്‍ മനുഷ്യനല്ലാതാകുകയും
ചെയ്തു.

No comments:

Post a Comment