Thursday 27 February 2014

തിരിച്ചറിയപ്പെടാത്ത കവി

കുടിയിറക്കപ്പെട്ട
പ്രണയത്തിന്റെ ശേഷിപ്പുകള്‍
മരണവെപ്രാളത്തില്‍
ആര്‍ത്തിരമ്പുന്ന കടല്‍ക്കരയിലും
അറ്റമറിയാത്ത റെയില്‍വേ ട്രാക്കിലും
തെണ്ടിത്തിരിയുകയാണ്.

മരണത്തിന്റെ നിറുകയിലേക്ക്
മരഗോവണി ചാരിവയ്ക്കുന്നതിന്,
ധൈര്യം തിരഞ്ഞുപോയ
ബീവറേജ് ക്യൂവില്‍
ആത്മരോഷത്തോടെയൊരു
'പീ' വാക്കിനെ തുപ്പുകയും
മുന്‍പിലെ പകലിലുണങ്ങുന്ന
വെയിലിനൊപ്പമതിനെ
ചവിട്ടിയരക്കുകയും ചെയ്തു.

ദൈവം ഉപേക്ഷിക്കപ്പെട്ടവനെന്തിന്
ജീവിതത്തെ സ്നേഹിക്കണം?
ദൈവത്തിന്റെ പിഴ !
തനിച്ചാക്കപ്പെടുന്നു ചിന്തകള്‍ !!

നുരയുന്ന ചഷകങ്ങള്‍
രാത്രിയുടെ നീളമളന്നുതുടങ്ങിയപ്പോള്‍
ചോരയുടെ ചുവപ്പിനേക്കാള്‍
കറുപ്പിനെ ഭയക്കുകയാണ്;
എന്തിന്? എഴുതിയ അക്ഷരങ്ങളും
കറുപ്പായിരുന്നില്ലേ, എന്നിട്ടും...

ട്രെയിന്‍ ശബ്ദത്തില്‍
അക്ഷരങ്ങള്‍ വിറച്ചുകൊണ്ട്
തോള്‍സഞ്ചിയിലൊളിക്കുന്നു;
മടിപിടിച്ചൊരു പകല്‍
രാത്രിയിലേക്ക് നടക്കുമ്പോള്‍
ആരോ വിളിച്ചുപറയുന്നു,
'ദാ... റെയില്‍പാളത്തിലൊരു ശവം'

എഴുതപ്പെടാത്ത അക്ഷരങ്ങള്‍
ശവശരീരത്തിനരികില്‍
നിലവിളിക്കുന്നു;
ചുറ്റിലും മൊബൈല്‍ കാമറകള്‍
കണ്ണുതുറന്നതുകൊണ്ടാകാം,
അക്ഷരങ്ങള്‍ ഈച്ചകളായി
തിരിച്ചറിയപ്പെടാന്‍ സാധ്യതയില്ലാത്ത
കവിയുടെ ശരീരത്തിലെന്തോ
തിരഞ്ഞുതുടങ്ങിയത്.

2 comments:

  1. ഒരിക്കലും കണ്ടെത്തില്ലെങ്കിലും തിരഞ്ഞുതിരഞ്ഞ്...
    ഇഷ്ടായി...:)

    ReplyDelete