Friday 28 February 2014

ഇഷ്ടങ്ങള്‍ കളഞ്ഞുപോയവന്‍റെ ചിലയിഷ്ടങ്ങള്‍

പിണങ്ങിയോടിയ
നിദ്രയ്ക്ക് പിറകേയോടാതെ
മഴവില്ലിന്‍റെ നിറങ്ങളൊക്കെയും
കടമെടുത്ത്
സ്വപ്നങ്ങള്‍ തുന്നിയ
പട്ടമുണ്ടാക്കണം.
അതിലിരുന്ന്
നഷ്ടങ്ങളും നൊമ്പരങ്ങളുമില്ലാത്ത
രാജ്യത്തിലേക്ക്,
പകലുണരുന്നതിന് മുമ്പ്
തിരിച്ചുവരാവുന്നൊരു
വിരുന്നുപോകണം.

ഏകാന്തതയുടെ മുനമ്പിലൂടെ
സിഗരറ്റിന്‍റെ പുകയെ
ഓര്‍മ്മകളിലേക്ക്
ഊതിപ്പറത്തി, നിശബ്ദമായി
ഇ..ങ്ങ..നെ..
വെറുതെയിരിക്കണം.

ഉച്ചതിരിയുമ്പോള്‍
വെയിലിലുണങ്ങിയ പകലിലൂടെ
ശിവേട്ടന്‍റെ കള്ളുഷാപ്പിലേക്ക്
നടക്കണം,
മദ്യം നുരയുന്ന ഗ്ലാസുകളോട്
പറയാന്‍ ബാക്കിവച്ച
മഞ്ചാടിക്കാലത്തെക്കുറിച്ച് പറയണം.

ചെറിയതും ഇടുങ്ങിയതുമായ
ജീവിതവഴികളില്‍
വലിയൊരു രോഗത്തിന്‍റെ പേരിട്ട്,
ഏകാന്തതയിലേക്കെന്നെ
വലിച്ചെറിഞ്ഞ പ്രണയത്തെ
വിളിച്ചുവരുത്തുകയും,
ഒരുമിച്ചൊരു തുലാവര്‍ഷം
നനയുകയും,
മഴയ്ക്കൊപ്പം അവളിലേക്കൊരു
ചുംബനത്തെ അലിയിച്ചിറക്കുകയും
വേണമെനിക്ക്.

ചിതല്‍ തിന്നുതീരാറായ
ഇഷ്ടങ്ങളില്‍,
അങ്ങനെ പിന്നെയും ചിലതുകള്‍
ബാക്കിയാകുകയാണ്.

-ഗുല്‍മോഹര്‍ ഓണ്‍ലൈന്‍ മാഗസില്‍ ഈ ലക്കം വന്നത്

http://www.gulmoharmagazine.com/gulmoharonline/kavithakal/ishtangal

1 comment: