Tuesday 18 February 2014

ഞാനങ്ങനെയൊരു കവിയല്ല !!

സുഹൃത്തേ,
നിങ്ങളുദ്ദേശിക്കുന്നപോലെ
ഞാനൊരു കവിയല്ല,
പിന്നെ ഞാനെങ്ങനെ
കവിതയെഴുതിത്തരും നിങ്ങള്‍ക്ക്?
എഴുതാനുദ്ദേശിച്ച വരികളൊക്കെയും
പിണങ്ങിമാറിനില്‍ക്കുമ്പോള്‍
പേനയുടെ മുനമ്പിലേക്കുനോക്കി
വിമുഖത കാണിക്കാറില്ല
ഞാന്‍.

സാമൂഹ്യപ്രതിബദ്ധതയുള്ള
എന്തെങ്കിലും എഴുതണമെങ്കില്‍,
അതെന്താണെന്നെനിക്കറിയില്ല
സുഹൃത്തേ;
പാവപ്പെട്ടവനെ എനിക്കറിയില്ല,
പത്ര വാര്‍ത്തകളിലെ
ദാരിദ്ര്യത്തെ മാത്രം മണത്തുനോക്കുന്ന
ഒരു രാഷ്ട്രീയക്കാരനല്ല ഞാന്‍.

സുഹൃത്തേ,
വെയില്‍നനഞ്ഞു പിച്ചയെടുക്കുന്ന
വിശപ്പിനെക്കുറിച്ചെഴുതാനും
എനിക്ക് കഴിയില്ല;
ശീതീകരിച്ച മുറിയിലിരുന്ന്
വൈകിയെത്തുന്ന ഭക്ഷണത്തിനോട്
ഒട്ടും ദേഷ്യം കാണിക്കാതെ,
ഇംഗ്ലീഷും മലയാളവുംകലര്‍ത്തി
വര്‍ത്താനിച്ച് വയറുനിറയ്ക്കുന്ന
ഞാനെങ്ങനെ വിശപ്പെഴുതും?

സുഹൃത്തേ,
നിങ്ങളുടെ ചോദ്യത്തിലെ പരിഹാസം
ഞാന്‍ തിരിച്ചറിയുന്നു.
പ്രണയിക്കാതിരിക്കുകയും
ദീര്‍ഘചുംബനത്തിലൂടെ
പെണ്ണിനെ ചേര്‍ത്തുപിടിക്കാതിരിക്കുകയും
പ്രണയത്തിലെ കാമത്തിനെമാത്രം
തിരയുന്ന ചിലര്‍ മാത്രം
സുഹൃത്തുക്കളാകുകയും ചെയ്യുമ്പോള്‍
ഞാനെങ്ങനെ പ്രണയമെഴുതും?

സുഹൃത്തേ,
വേണമെങ്കില്‍ ഞാനൊരു
ന്യുജനറേഷന്‍ കവിതയെഴുതിത്തരാം.
അങ്ങനെയാകുമ്പോള്‍
കാമം ചുവയ്ക്കുന്ന വാക്കുകളും
ഫക്കും മൈരുമടക്കമുള്ള
തെറികളും ചേര്‍ത്തെഴുതിയാല്‍
മതിയാകുമല്ലോ ??

6 comments: