Wednesday 9 March 2016

ഉടലില്ലാത്ത രണ്ടു പുഴകള്‍

ഞാന്‍
കണ്ണുകളില്‍നിന്ന് ഉറക്കത്തിലേക്ക്
ഒരു വര വരയ്ക്കുന്നു
അവിടുന്ന് സ്വപ്നത്തിലേയ്ക്ക് ഒന്നുകൂടി.

നീ
ഉറക്കത്തെ അടയാളപ്പെടുത്തേണ്ടുന്ന സ്വപ്നത്തെ
മൊട്ടയടിച്ച് പുള്ളികുത്തി,
ചെണ്ടകൊട്ടി നാടുകടത്തുകയും
എന്റെ ആദ്യത്തെ വരയില്‍
കണ്ണീര്‍ കലക്കിയൊഴിയ്ക്കുകയും
രണ്ടാമത്തേതിന്റെ മധ്യത്തില്‍ കത്രിക്കുകയുമുണ്ടായി.

ഞാന്‍
തിരിഞ്ഞും മറിഞ്ഞും...
മറിഞ്ഞും തിരിഞ്ഞും...
കിടക്കുമ്പോള്‍
വരകള്‍
ഉടലില്ലാത്ത രണ്ടു പുഴകളായി,
ദിശയറിയാതെ ഒഴുകിത്തുടങ്ങിയിരുന്നു.

1 comment:

  1. പുഴ കൂലം കുത്തിയൊഴുകാതെയിരിക്കട്ടെ.

    ReplyDelete