Friday 8 April 2016

ഞാന്‍ ജീവിച്ചിരുന്നെന്ന് പറയപ്പെടുന്ന രാജ്യത്തെക്കുറിച്ച്...


ഞാന്‍
ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രാജ്യത്തെക്കുറിച്ച്
ചിലതെഴുതിവയ്ക്കുന്നുണ്ടിവിടെ.

ഒറ്റ ദിവസംകൊണ്ട്, അല്ല...
ഒറ്റരാത്രിയില്‍ ആത്മഹത്യ ചെയ്യാന്‍ വിധിക്കപ്പെട്ട
രാജ്യത്തിന്റെ പേരുപരമാര്‍ശിക്കുന്നതെന്തിന്?
അതിന്റെയാവശ്യമില്ല.

രാജ്യമൊരു കഴുതയാണ് ഭരിക്കുന്നതെന്ന്
ചിലരുറക്കെപ്പറയുന്നുണ്ട്, ചിലര്‍ പതുക്കെയും.
രാജാവിന്റെ ചന്തിയിലാരോ
ചക്കമൊളഞ്ഞ് തേച്ചിട്ടുണ്ടെന്നും...
(എല്ലാവര്‍ക്കുമറിയുന്നതല്ലേ?)

പകല്‍വെളിച്ചം ചുമക്കുന്ന മാലാഖ,
മലര്‍ന്ന്...
ചിലപ്പോഴൊക്കെ കമിഴ്ന്ന്...
ങ്ആ... എങ്ങനെയെന്ന ചോദ്യം മായ്ച്ചുകളയുന്നു !!
അല്ലെങ്കില്‍ത്തന്നെയത് പറയുന്നതെന്തിന് ??

മദ്യപിക്കാത്ത പുരുഷന്‍...
സ്ത്രീക്ക് നിഷേധിക്കപ്പെട്ട കോവില്‍...
സൂര്യവെളിച്ചത്തിന്റെ വില...
മകളെ കാമിക്കുന്ന അച്ഛന്‍...
ഞാന്‍ ഇതൊന്നിനെയും ശ്രദ്ധിക്കാതെ
ടീവിയിലെ ഡയറി മില്‍ക്കിന്റെ പരസ്യം കാണുന്നു.

രാജാവിനെ മൊട്ടയടിപ്പിച്ച് പുള്ളികുത്തി
കഴുതപ്പുറത്തേറ്റണമെന്ന് ചിലര്‍,
കഴുത കഴുതപ്പുറത്തോ?
അല്ലെങ്കില്‍ത്തന്നെ
രാജാവിനെ മൊട്ടയടിപ്പിയ്ക്കാന്‍ കഴിയുമോ?

രാജാവിനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിയ്ക്കുന്നതായി
ഞാന്‍ സ്വപ്നം കാണുന്നു.
രാജാവ് നഗ്‌നനാണെന്നുപറഞ്ഞ കുട്ടിയോട്
അയാള്‍ കണ്ണിറുക്കിക്കാണിക്കുന്നു.

രാജ്യമൊന്നാകെ കുരിശ്ശിലേറ്റപ്പെടുമെന്ന്
ആരോ ഉറക്കെപ്പറയുന്നു.
തെരുവുകളില്‍
മനുഷ്യന്റേയും മൃഗങ്ങളുടേയും
മാംസത്തിന് വില നിശ്ചയിക്കപ്പെടാതെയാകുന്നു.
വിശപ്പിനെ വില്‍ക്കുന്നയാളതിന്റെ
വില വര്‍ദ്ധിപ്പിക്കുന്നു,
ദാഹം ഭ്രാന്തുപിടിച്ച പകലാണത്രേ !!

ഞാന്‍ വിണ്ടുമൊരു സ്വപ്നം കാണുന്നു.

തെരുവിലൂടെ നടന്നുപോകുന്ന മുടന്തനായ ദൈവം !!
വെന്തുണങ്ങിയ സൂര്യന്‍
ഭൂമിയിലേക്ക് അടര്‍ന്നുവീഴുകയും
കറുത്ത കുറെ കഷണങ്ങളായി ചിതറിത്തെറിക്കുകയുമുണ്ടായി.
അന്ധയായൊരു പെണ്‍കുട്ടി
അതിലൊന്ന് പെറുക്കിയെടുക്കുകയും,
വെളുത്ത ചുമരില്‍
ആത്മഹത്യ ചെയ്യപ്പെടേണ്ടുന്നതല്ലാത്തൊരു
രാജ്യത്തെ വരച്ചുതുടങ്ങുകയും
ചെയ്തു.

No comments:

Post a Comment