Friday 8 April 2016

അക്ഷരാര്‍ത്ഥത്തില്‍ പ്രണയം

'പ്ര'യെന്ന പ്രേമംകൊണ്ട് കാണിയ്ക്കപ്പെടുന്നൊരു
'നയ'മാണ് പ്രണയമെന്ന്
ആരോ പറഞ്ഞതിനെക്കുറിച്ച് ഓര്‍മ്മിക്കുന്നു;
അതുകൊണ്ടുതന്നെ നിന്നെക്കുറിച്ചും.

നിന്റെ കണ്ണിലൊളിപ്പിച്ച
മഴവില്ലൊടിച്ചത് തിളയ്ക്കുന്ന പകലിലായിരുന്നു;
എന്നിട്ടും, പകലുവറ്റിച്ചു പെയ്തു നമ്മള്‍.

ആരാണ് കൂടുതല്‍ സ്‌നേഹിച്ചത്?

ഞാനോ? നീയോ?
അല്ല, നമ്മള്‍ തന്നെ !!

മഴയുടെയറ്റത്തുവച്ച് ഞാന്‍
നിന്നെ ചുംബിച്ചതിനെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍
അസൂയയോടെ നോക്കിയ കാറ്റിന്
നീ കയ്‌പ്പേറെയുള്ളൊരു മരുന്ന് കുറിച്ചുകൊടുത്തത്
ഓര്‍ക്കാതിരിയ്ക്കുന്നതെങ്ങനെ??

ഒപ്പുവച്ചുറപ്പിച്ചിട്ടും അമ്പലത്തില്‍വച്ച്
താലികെട്ടണമെന്ന് നിനക്കായിരുന്നു നിര്‍ബന്ധം.
മക്കള്‍ രണ്ടുപേര്‍ വേണമെന്നതും
നിന്റെ വാശിയായിരുന്നു.

വാക്കുകളുടെ വിള്ളലുകളില്‍
നീ മുഖമമര്‍ത്തിക്കരയുന്നത് ഞാന്‍ കണ്ടിട്ടില്ല.
അതുകൊണ്ടുതന്നെ നമ്മളൊരുമിച്ചുള്ള ജീവിതത്തില്‍
നീ തൃപ്തയായിരുന്നെന്ന് കരുതിയിരുന്നു ഞാന്‍.

എന്നിട്ടും...
ഉണങ്ങിയ രാത്രിയിലേയ്ക്ക് വേരുകള്‍ നീട്ടിയ മഴയ്‌ക്കൊപ്പം
നീയില്ലാതായതെവിടെയാണ്?
മക്കളുടെ ചിരിയൊച്ചകള്‍ക്ക്
കരച്ചിലിനെ കാണിച്ചുകൊടുത്തതെന്തിനായിരുന്നു?

മഴയുണരുമ്പോഴൊക്കെയും
വഴിയില്‍ കണ്ണുനട്ടുവയ്ക്കുന്ന മക്കള്‍,
രാത്രികളില്‍ ഉറങ്ങാതെ
അമ്മയെന്നുപറഞ്ഞ് പെയ്യുമ്പോള്‍
മഴയൊച്ചകളില്‍ ചിരിയ്ക്കുന്ന മുഖങ്ങളെക്കുറിച്ച്
ഒരു കഥ പറയുകയാണ് പതിവ്.
അന്നൊക്കെയും
നീ മഴയുടുത്ത് പടിക്കെട്ടുകള്‍ കയറിവരുന്നൊരു
സ്വപ്നവും കാണാറുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കില്‍ പ്രണയമെന്നത്,
സ്വന്തമാക്കിയതിനപ്പുറം
നഷ്ടപ്പെടുമ്പോഴുള്ള, ആഴമുള്ള
വേദനയാണെന്ന് പറഞ്ഞുവയ്‌ക്കേണ്ടതുണ്ട്.

No comments:

Post a Comment